പാറശ്ശാല ഷാരോണ്‍ വധകേസില്‍ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയിലേയ്ക്ക്.
വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയില്‍ ഹർജി നല്‍കും. മെറിറ്റ് നോക്കിയല്ല വിധിയെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് സെഷൻസ് കോടതി നടത്തിയതെന്നും ചൂണ്ടികാട്ടിയാണ് അപ്പീല്‍ നല്‍കുന്നത്. കേസില്‍ ഇന്നോ നാളെയോ ഗ്രീഷ്മ അപ്പീല്‍ നല്‍കുമെന്നാണ് വിവരം.
അപൂർവ്വങ്ങളില്‍ അപൂർവ്വമായ കേസ് അല്ലായിതെന്നും പ്രായത്തിൻ്റെ ആനുകൂല്യം ഗ്രീഷ്മക്ക് നല്‍കണമെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധികേട്ട് ഷാരോണിന്റെ കുടുംബം കോടതിക്ക് അകത്തിരുന്ന് പൊട്ടിക്കരഞ്ഞു. കോടതിക്ക് മുമ്ബില്‍ തൊഴുകയ്യോടെ കുടുംബം നിന്നു. ശിക്ഷാവിധി കേള്‍ക്കാൻ കോടതിയിലെത്തിയ ഷാരോണിന്‍റെ മാതാപിതാക്കളെയും സഹോദരനെയും ജഡ്ജിയാണ് കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്.