വതൻ സുരക്ഷാ അഭ്യാസത്തിന് തുടക്കം

ആഭ്യന്തര സുരക്ഷ സൈനിക അഭ്യാസപ്രകടനമായ ‘വതൻ എക്‌സസൈസിന് ഞായറാഴ്ച തുടക്കമായി. നവംബർ 13 വരെ നീളുന്ന സുരക്ഷാ അഭ്യാസത്തില്‍ ഖത്തറിലെ സൈനിക, പൊലീസ് ഉള്‍പ്പെടെ വിവിധ സുരക്ഷ വിഭാഗങ്ങളും വിവിധ മന്ത്രാലയങ്ങളും മെഡിക്കല്‍ സംവിധാനങ്ങളും ഉള്‍പ്പെടെ 70 സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്.

അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവർത്തന, പ്രതികരണ ശേഷി മികവുറ്റതാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ‘വതൻ’ അഭ്യാസ പ്രകടനത്തില്‍ ഇത്തവണ ഇറ്റാലിയൻ സുരക്ഷ സൈനിക വിഭാഗങ്ങള്‍ അതിഥികളായി പങ്കെടുക്കുന്നുണ്ട്. നേരത്തേ തന്നെ സൈനിക വിഭാഗങ്ങള്‍ ദോഹയിലെത്തി.

സൈനിക,സുരക്ഷ, സിവിലിയൻ വിഭാഗങ്ങള്‍ തമ്മില്‍ ഏകോപനവും, അടിയന്തര സാഹചര്യങ്ങളില്‍ സംയുക്ത ഓപറേഷനുകളും നീക്കങ്ങളും നടത്താനുള്ള മികവും, ദുർഘടസാഹചര്യങ്ങളില്‍ ഫലപ്രദമായി പ്രതികരിക്കാനുള്ള പ്രാപ്തിയും നല്‍കുകയാണ് വതൻ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഞായറാഴ്ച ആരംഭിച്ച വതൻ എക്സസൈസില്‍ നിന്ന്

ആറു ഘട്ടങ്ങളിലായി അഭ്യാസ പ്രകടനം നടക്കുമെന്ന് വതൻ ലീഡർഷിപ് ആൻഡ് കണ്‍ട്രോള്‍ സെല്‍ കമാൻഡർ മേജർ മുഹമ്മദ് അഹമ്മദ് ജാബിർ അബ്ദുല്ല നേരത്തേ അറിയിച്ചിരുന്നു. പ്രാഥമിക ഘട്ടം, റെഡിനസ്, പ്രിപ്പറേഷൻ, ഓഫിസ് കേന്ദ്രമാക്കിയുള്ള അഭ്യാസങ്ങള്‍, ഫീല്‍ഡ് അഭ്യാസങ്ങള്‍, സമാപന പ്രകടനം എന്നിവയാണ് ആറ് ഘട്ടങ്ങള്‍.

ഖത്തറിലെ കര, കടല്‍, ആകാശം ഉള്‍പ്പെടെ മുഴുവൻ മേഖലകളും ഉള്‍പ്പെടെയാവും പരിശീലനം നടക്കുന്നത്. വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, സർവിസ് സ്ഥാപനങ്ങള്‍, താമസ കേന്ദ്രങ്ങള്‍, പ്രധാന റോഡുകള്‍, ഷോപ്പിങ് സെന്ററുകള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങള്‍ സൈനിക-സുരക്ഷ അഭ്യാസ വേദികളായി മാറും.

പരിശീലന പരിപാടി ആരംഭിച്ച ഞായറാഴ്ച പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുല്‍ അസീസ് ബിൻ തുർകി അല്‍ സുബൈഇ നാഷനല്‍ കമാൻഡ് സെന്റർ സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *