വണ്ടൂര്‍ താലൂക്ക് ആശുപത്രി ഡയാലിസിസ് സെൻറര്‍; നിര്‍മാണം എന്ന് തുടങ്ങും

വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാൻ എത്തുമ്ബോഴും താലൂക്ക് ആശുപത്രിയില്‍ അഞ്ചുവർഷം മുമ്ബ് രാഹുല്‍ ഗാന്ധി അനുവദിച്ച ഡയാലിസിസ് സെൻറർ പ്രവർത്തനം തുടങ്ങിയിട്ടില്ല.നിർമാണം അവസാനഘട്ടത്തിലാണെന്നും താല്‍ക്കാലിക മാലിന്യ പ്ലാൻറിനായുള്ള സാങ്കേതികാനുമതി ആരോഗ്യമന്ത്രിയെ പല തവണ നേരിട്ട് കണ്ടിട്ടും ലഭിക്കുന്നില്ലെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അസ്കർ പറയുന്നത്. പദ്ധതി നീണ്ടുപോവുന്നതില്‍ ജനങ്ങളില്‍ പ്രതിഷേധം ശക്തമാണ്.2019ലാണ് അന്ന് എം.പി ആയിരുന്ന രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കാനായി 50 ലക്ഷം അനുവദിച്ചത്. വർഷങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ അനാസ്ഥയില്‍ കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തികള്‍ വൈകുകയായിരുന്നു. ഒടുവില്‍ ഇവിടേക്കുള്ള ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, രോഗികള്‍ക്ക് കിടക്കാനുള്ള മുറികള്‍ മുതലായവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്.നിലവില്‍ മുന്നിലുള്ള തടസ്സം താല്‍ക്കാലിക മാലിന്യ പ്ലാന്റിന്റെ നിർമാണമാണ്. ഇതിനായി എൻ.എച്ച്‌.എമ്മില്‍ ഒരു കോടി 25 ലക്ഷം വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, സാങ്കേതിക അനുമതി മാത്രം ലഭിക്കുന്നില്ല. നിലവില്‍ ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ല പഞ്ചായത്ത് വരെ ഭരിക്കുന്ന യു.ഡി.എഫിന് രാഹുല്‍ ഗാന്ധി അനുവദിച്ച ഡയാലിസിസ് കേന്ദ്രം അഞ്ചുവർഷം കഴിഞ്ഞിട്ടും തുടങ്ങാൻ ആകാത്തത് നാണക്കേടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *