വട്ടലക്കി ഭാഗത്ത് അവശനിലയില്‍ കണ്ടെത്തിയ പുള്ളിപുലിയുടെ ആരോഗ്യനില മികച്ച ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് തൃപ്തികരമായതിനാല്‍ നിയമാനുസൃത മാനദണ്ഡങ്ങള്‍ പാലിച്ച് പറമ്ബിക്കുളം ടൈഗര്‍ റിസര്‍വ്വിലേയ്ക്ക് തുറന്നുവിട്ടതായി പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു.
മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ അഗളി റേഞ്ചില്‍ ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വട്ടലക്കി ഭാഗത്ത് ജൂണ്‍ പത്തിനാണ് പുലിയെ കണ്ടെത്തിയത്.
കഴുത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലിയെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ.ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു. തുടര്‍ന്ന് മണ്ണുത്തി വെറ്റിനറി സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘമെത്തി പരിശോധിച്ചു. വിദഗ്ദ്ധ ചികിത്സക്കായി ജൂണ്‍ 15ന് ധോണിയിലെ വന്യജീവി ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.
തുടര്‍ചികിത്സയുടെ ഫലമായി പുലിയുടെ ആരോഗ്യനില തൃപ്തികരമായതിനാല്‍ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ ഡേവിഡ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം പുലിയെ കാട്ടിലേക്ക് തുറന്നുവിടുന്നതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അപേക്ഷ സമര്‍പ്പിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് വന്നതിനെതുടര്‍ന്ന് ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.ഒ.എഫിന്റെ(കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്) നിര്‍ദ്ദേശപ്രകാരം വ്യാഴാഴ്ച പുള്ളിപുലിയെ പറമ്ബിക്കുളം ടൈഗര്‍ റിസര്‍വ്വിലേക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നുവിടുകയായിരുന്നു.