കോയമ്പത്തൂർ:
സഹായം തേടിയെത്തിയ യുവതിയില്‍ നിന്ന് ഹാക്കര്‍ 12 ലക്ഷം തട്ടി,അറസ്റ്റ്
പരാതിക്കാരിയായ യുവതി സ്വകാര്യ കോളേജിലെ അധ്യാപിക കൂടിയാണ്
ലോൺ ആപ്പിൽ നിന്ന് മോർഫ് ചെയ്ത ഫോട്ടോ നീക്കം ചെയ്യാമെന്ന് പറഞ്ഞ് ധരിപ്പിച്ച് യുവതിയിൽ നിന്നും 12 ലക്ഷം രൂപ കവർന്ന ഹാക്കർ അറസ്റ്റിൽ. തിരുപ്പൂർ ഉദുമൽപ്പേട്ട് സ്വദേശി എസ് അരവിന്ദാണ് (31) പൊലീസിന്റെ പിടിയിലായത്. ഒരു ലോൺ ആപ്ലിക്കേഷനിലെ പണമിടപാടിലെ പ്രശ്നങ്ങളെത്തുടർന്നാണ് പരാതിക്കാരി പ്രതിയായ അരവിന്ദിനെ സമീപിക്കുന്നത്. പരാതിക്കാരിയായ യുവതി സ്വകാര്യ കോളേജിലെ അധ്യാപിക കൂടിയാണ്.
2023-ലാണ് പരാതിക്കാരിയായ യുവതി ലോൺ ആപ്പ് വഴി 30,000 രൂപ വായ്പ എടുക്കുന്നത്. പിന്നീട് അമിത പലിശ നൽകണമെന്ന് ലോൺ ആപ്പിന്റെ പ്രതിനിധികൾ യുവതിയോട് പറഞ്ഞിരുന്നു. അധിക പലിശ നൽകാൻ വിസമ്മതിച്ചപ്പോൾ മോർഫ് ചെയ്ത ഫോട്ടോകൾ ഓൺലൈൻ വഴി പ്രചരിപ്പിക്കുമെന്ന് ആപ്പിന്റെ പ്രതിനിധികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
ആപ്പിന്റെ പ്രതിനിധികളിൽ നിന്ന് ഭീഷണി നേരിട്ടതിനെ തുടർന്ന് യുവതി പ്രതിയെ സമീപിക്കുകയായിരുന്നു. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്ങിൽ ഡിപ്ലോമയുളള ആളാണ് പ്രതി. നിരവധി സൈബർ ഹാക്കിങ് സോഫ്റ്റ് വേർ കോഴ്‌സുകളും ചെയ്തിട്ടുള്ള ഇയാൾ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകൾ എടുക്കാറുണ്ട്. ഇങ്ങനെ കോളേജിൽ ക്ലാസ് എടുക്കാൻ എത്തിയപ്പോഴാണ് യുവതിയുമായി പരിചയത്തിലാകുന്നത്.
2023 ഒക്ടോബർ മുതൽ 2024 ഡിസംബർവരെയുള്ള കാലയളവിലാണ് പ്രതി പരാതികാരിയിൽ നിന്നും 12 ലക്ഷം രൂപ കൈപ്പറ്റിയത്. പിന്നീട് പലതവണ പ്രതി തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഇതിനെ തുടർന്നാണ് യുവതി സൈബർ ക്രൈം പൊലീസിൽ പരാതി നൽകുന്നത്. ഐപിസി സെക്ഷൻ 420, ഐടി ആക്ട് സെക്ഷൻ 66 ഡി എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി ഇപ്പോൾ റിമാൻഡിലാണെന്ന് പൊലീസ് അറിയിച്ചു