ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യൻ സെൻസേഷൻ ഡി.ഗുകേഷിന് തോല്‍വിയോടെ തുടക്കം.സിംഗപ്പൂരിലെ റിസോർട്ട് വേള്‍ഡ് സെന്റോസ വേദിയാകുന്ന ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യൻ ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറൻ ഗുകേഷിനെ തോല്‍പ്പിച്ചു.
വെള്ളക്കരുക്കളുമായി മത്സരിച്ച ഗുകേഷ് ഇടയ്ക്ക് വരുത്തിയ ചില പിഴവുകള്‍ താരത്തിന് തിരിച്ചടിയാവുകയായിരുന്നു.
42-ാം നീക്കത്തില്‍ ഗുകേഷ് തോല്‍വി സമ്മതിച്ചു. ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.കിംഗ് പോണ്‍ ഫോർവേഡ് ഗെയിമിലൂടെ തുടങ്ങിയ ഗുകേഷിനെ ഫ്രഞ്ച് ഡിഫൻസിലൂടെയായിരുന്നു ലിറൻ തളച്ചത്.
ജയത്തോടെ ലിറൻ വിലപ്പെട്ട ഒരു പോയിന്റ് നേടി. രണ്ടാമത്തെ മത്സരം ഇന്ന് നടക്കും. ക്ളാസിക് ഫോർമാറ്റില്‍ 14 റൗണ്ടുകളുള്ള പോരാട്ടം ഡിസംബർ 13വരെയാണ് നടക്കുന്നത്. ആദ്യം ഏഴര പോയിന്റ് നേടുന്ന കളിക്കാരൻ ജേതാവാകും. 14 റൗണ്ടുകളും പൂർത്തിയാകുമ്ബോള്‍ ഒരേ പോയിന്റ് നിലയാണെങ്കില്‍ ടൈബ്രേക്കർ നടത്തും.
അറ്റാക്കിംഗ് ലിറൻ
പത്തില്‍ പിഴച്ച് ഗുകേഷ്
അറ്റാക്കിംഗ് ഗെയിം പുറത്തടുത്താണ് ചൈനീസ് താരം ഡിംഗ് ലിറൻ ലോക ചെസ് ചാമ്ബ്യൻഷിപ്പിലെ ആദ്യ മത്സരത്തില്‍ ഡി.ഗുകേഷിനെ വീഴ്ത്തിയത്.
ഫ്രഞ്ച് ഡിഫൻസാണ് കളിച്ചത്. ക്ലാസിക്കല്‍ വേരിയഷനായിരുന്നു. പത്താം നീക്കത്തില്‍ വരുത്തിയ പിഴവാണ് ഗുകേഷിന് തിരച്ചടിയായത് (ജി4 ). അത് ആവശ്യമില്ലാത്ത നീക്കമായരുന്നു.
അതോടെ ഗുകേഷിന്റെ കിംഗ് സൈഡില്‍ പ്രശ്നങ്ങള്‍ വന്നു. ഇത് മുതലെടുത്ത് ലിറൻ ക്യൂൻ സൈഡില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഇരുപതാമത്തെ നീക്കത്തില്‍ ലിറൻ ആധിപത്യം നേടിയെടുത്തു. 30-ാമത്തെ നീക്കത്തോടെ ലിറൻ സമ്ബൂർണ ആധിപത്യം നേടിയെടുത്തു. തുടർന്ന് 42-ാം നീക്കത്തില്‍ ഇന്ത്യൻ താരം തോല്‍വി സമ്മതിച്ചു. ഗുകേഷിന്റെ വിജയം പ്രതീക്ഷിച്ച ഇന്ത്യൻ ആരാധകർക്കും ചെസ് പണ്ഡിതൻമാർക്കും ഞെട്ടലായി ലിറന്റെ വിജയം. അടുത്ത മത്സരത്തില്‍ ഗുകേഷ് തിരിച്ചു വരുമന്നാണ് പ്രതീക്ഷ.
ലൈവ്
ചെസ് 24 ഇന്ത്യ, ചെസ് ബേസ് ഇന്ത്യ യൂട്യൂബ് ചാനലുകളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍
ആദ്യമത്സരത്തിലെ തോല്‍വി തിരിച്ചടിയല്ല. ദൈർഘ്യമേറിയ ചാമ്ബ്യൻഷിപ്പില്‍ തോല്‍വി സ്വാഭാവികമാണ്. പ്രത്യേകിച്ച് എതിരാളി മികച്ച ഫോമിലായിരിക്കുമ്ബോള്‍.ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല. ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ രസകരമാകും.
ഗുകേഷ്
ഈ വിജയത്തിന് ഭാഗ്യത്തിന്റെ അകമ്ബടിയുണ്ട്. ഞാൻ രണ്ട് ടാക്റ്റ്സ് പിഴവുകള്‍ വരുത്തിയെങ്കിലും രക്ഷപ്പെട്ടു. ആദ്യമത്സരമായതിനാല്‍ ഗുകേഷിന് അല്പം സമ്മർദ്ദമുണ്ടായിരുന്നു. അത് മുതലാക്കാനായി.
ഡിംഗ് ലിറൻ