അന്താരാഷ്‌ട്ര ചലച്ചിത്രമേളയെ ലോകത്തിലെ മികച്ച മേളകളുടെ കൂട്ടത്തില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍.
അതിനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്നാലും ലോക റാങ്കിംഗില്‍ നമ്മളെത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ തിയറ്ററില്‍ ജില്ലാ ശുചിത്വ മിഷന്റെ സ്റ്റാള്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപങ്കാളിത്തംകൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മേളകളില്‍ ഒന്നാണ് ഈ ഫിലിം ഫെസ്റ്റിവല്‍. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളുടെ മികവ്, നല്‍കുന്ന പുരസ്‌കാരങ്ങളുടെ സുതാര്യത, നിര്‍ണയിക്കുന്ന രീതി, ജൂറി ഇതൊക്കെ മേളയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ലോക സിനിമയില്‍ വനിതകളുടെ വലിയ സാന്നിധ്യമുണ്ട്. ലോകസിനിമയ്‌ക്ക് വലിയ സംഭാവനകള്‍ നല്‍കിയ വനിതാ ചലച്ചിത്ര പ്രതിഭകളെ ആദരിക്കുകയും അത് അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു ഫെസ്റ്റിവലായി അന്താരാഷ്‌ട്ര ചലച്ചിത്രമേള മാറിയതായും അദ്ദേഹം പറഞ്ഞു. മേളയ്‌ക്ക് ജനങ്ങളുടെ ഭാഗത്തുനിന്നും ഡെലിഗേറ്റ്‌സിന്റെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതാണ്ട് 15,000 പേരാണ് ദിവസം മേളയില്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവതയുടെ ആഘോഷമായി മേള മാറിക്കഴിഞ്ഞു. ഒറ്റയ്‌ക്കൊരത്ഭുതവും ആര്‍ക്കും ചെയ്യാനാവില്ല. ഒരുപാടു പേരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിന് പിന്നില്‍. കഴിഞ്ഞ 29 വര്‍ഷങ്ങളായി നടക്കുന്ന മേളയാണ്. എല്ലാ കാര്യങ്ങളും കൃത്യമായി നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു സിസ്റ്റം ഇവിടെയുണ്ട്. ഞാനതിന്റെ ഭാഗമായി നില്‍ക്കുന്നുവെന്നല്ലാതെ ഞാനാണിതെല്ലാം നടത്തുന്നതെന്ന അവകാശവാദമൊന്നും തനിക്കില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു.