ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി ; പ്രതിഷ്ഠിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം

ബീഹാറില്‍ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിന് പരിസ്ഥിതി വകുപ്പിന്റെ അനുമതി .

ഇതിനായി ക്ഷേത്ര നിർമ്മാണസമിതി പരിസ്ഥിതി വകുപ്പിന് കത്ത് നല്‍കിയിരുന്നു. തുടർന്ന് സംസ്ഥാന സ്‌പെഷ്യല്‍ ഇവാലുവേഷൻ കമ്മിറ്റിയുടെ ശുപാർശയുമുണ്ടായി . ഇതിനു പിന്നാലെയാണ് തുടർന്നാണ അതോറിറ്റി പച്ചക്കൊടി കാട്ടിയത്.

മാത്രമല്ല ക്ഷേത്രത്തിന്റെ രൂപരേഖയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കംബോഡിയയിലെ അങ്കോർ വാട്ട് ക്ഷേത്രത്തേക്കാള്‍ അല്‍പ്പം ഉയരമുള്ള രാമായണ ക്ഷേത്രത്തിന്റെ കൊടുമുടി 225 അടിയാക്കാനായിരുന്നു തീരുമാനം. അങ്കോർ വാട്ട് ക്ഷേത്രത്തിന്റെ ഉയരം 220 അടിയാണ്. കംബോഡിയൻ സർക്കാർ ഇതില്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചർച്ചകള്‍ക്ക് ശേഷം ഇത് മാറുകയും ചെയ്തു . ഇതിന് ശേഷമാണ് വിരാട് രാമായണ ക്ഷേത്രത്തിന്റെ രൂപരേഖയില്‍ ചില മാറ്റങ്ങള്‍ വരുത്തിയത്. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഉയരം 270 അടിയായി ഉയർത്തി രണ്ടാം ഘട്ട നിർമ്മാണം ആരംഭിച്ചു.

ക്ഷേത്രത്തിന്റെ ഭൂഗർഭ തൂണുകള്‍ എങ്ങനെ തയ്യാറാക്കുമെന്നതാണ് ഏറ്റവും വലിയ ആശങ്കയുണ്ടാക്കിയിരുന്ന പ്രശ്‌നമെന്ന് നിർമ്മാണ സമിതി പറയുന്നു. ഇപ്പോള്‍ മുകളിലെ തൂണുകളുടെ നിർമാണ പ്രവൃത്തിയാണ് നടക്കുന്നത്. 2101 തൂണുകളാണ് ക്ഷേത്രത്തില്‍ നിർമിക്കുക. താഴെ 853 ഉം ഒന്നാം നിലയില്‍ 572 ഉം രണ്ടാം നിലയില്‍ 540 ഉം ഗോപുരത്തില്‍ 136 തൂണുകളും ആയിരിക്കും. വിരാട് രാമായണ ക്ഷേത്രത്തില്‍ മൊത്തം 4,47,436 ചതുരശ്ര അടി നിർമാണത്തിന് പാരിസ്ഥിതിക അംഗീകാരം ലഭിച്ചതായി ആചാര്യ കിഷോർ കുനാല്‍ പറഞ്ഞു.

500 കോടി രൂപ ചെലവില്‍ നിർമിക്കുന്ന ക്ഷേത്രത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗവും ഉണ്ടാകും. കംബോഡിയയിലെ അങ്കോർ വാട്ട്, തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള രാമനാഥസ്വാമി ക്ഷേത്രം, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ.

ക്ഷേത്രത്തില്‍ ആകെ 12 ഗോപുരങ്ങള്‍ ഉണ്ടാകുമെന്നും സമുച്ചയത്തിനുള്ളില്‍ 22 ക്ഷേത്രങ്ങള്‍ നിർമ്മിക്കുന്നുണ്ടെന്നും ആചാര്യ കിഷോർ കുനാല്‍ പറഞ്ഞു. 33 അടി ഉയരവും 210 മെട്രിക് ടണ്‍ ഭാരവുമുള്ള ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം ഈ ക്ഷേത്രത്തില്‍ സ്ഥാപിക്കും . ജലാഭിഷേകം നടത്താൻ ഗോവണി നിർമിക്കും. രണ്ട് വർഷത്തിനുള്ളില്‍ ക്ഷേത്രം സജ്ജമാകുമെന്ന് പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ 2026 ല്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, എന്തെങ്കിലും കാരണത്താല്‍ അത് സാധ്യമായില്ലെങ്കില്‍, എന്തായാലും 2027 ലെ രാമനവമിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠ നടത്തും – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *