ലോകകപ്പ് യോഗ്യത മത്സരങ്ങള്‍; അര്‍ജന്റീനയും ബ്രസീലും ഇറങ്ങുന്നു

ലോകകപ്പ് യോഗ്യത തേടി ഇറങ്ങുന്ന ലാറ്റിൻ അമേരിക്കൻ വമ്ബന്മാർക്കൊപ്പം ചേർന്ന് സൂപ്പർ താരങ്ങളായ എമിലിയാനോ മാർടിനെസും വിനീഷ്യസ് ജൂനിയറും.

വെള്ളിയാഴ്ച പുലർച്ച നടക്കുന്ന മത്സരങ്ങളില്‍ അർജന്റീന പരഗ്വേയെ നേരിടുമ്ബോള്‍ ബ്രസീലിന് വെനിസ്വേലയാണ് എതിരാളികള്‍. ഇതേദിവസം, എക്വഡോർ- ബൊളീവിയ മത്സരവും നടക്കും. മോശം അംഗവിക്ഷേപത്തിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു മത്സരങ്ങളില്‍ വിലക്കുവാങ്ങിയാണ് അർജന്റീനയുടെ ഗോള്‍ കീപ്പർ എമിലിയാനോ പുറത്തായത്. വിനീഷ്യസ് ജൂനിയറാകട്ടെ, പരിക്കിന്റെ പേരിലും. വിലക്കും പരിക്കും നീങ്ങിയാണ് ഇരുവരും എത്തുന്നത്. പിറ്റേന്ന് നടക്കുന്ന മത്സരങ്ങളില്‍ കൊളംബിയ ഉറുഗ്വായിക്കെതിരെയും പെറു ചിലിക്കെതിരെയും കൊമ്ബുകോർക്കും.

നിലവില്‍ പോയന്റ് നിലയില്‍ അർജന്റീന തന്നെ ഒന്നാമത്- 22 പോയന്റ്. രണ്ടാമതുള്ള കൊളംബിയക്ക് 19ഉം. 16 പോയന്റുള്ള ഉറുഗ്വായ്, ബ്രസീല്‍ ടീമുകള്‍ മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. 13 ഉള്ള എക്വഡോറും പരാഗ്വേയും താഴെയുമുണ്ട്. അഞ്ചു പോയന്റ് മാത്രമുള്ള ചിലി ഏറ്റവും ഒടുവിലാണ്. അടുത്ത രണ്ടു കളികള്‍ ജയിച്ച്‌ നേരത്തേ യോഗ്യത ഉറപ്പാക്കുകയാണ് അർജന്റീനയുടെ ലക്ഷ്യം. ഒക്ടോബറില്‍ ബൊളീവിയക്കെതിരെ ഹാട്രിക് അടിച്ചും രണ്ട് അസിസ്റ്റ് നല്‍കിയും ഒരിക്കലൂടെ ഹീറോ ആയി മാറിയ ലയണല്‍ മെസ്സിതന്നെ നീലക്കുപ്പായക്കാരുടെ തുരുപ്പുചീട്ട്.

എന്നാല്‍, അർജന്റീനക്കാരനായ ഗുസ്താവോ അല്‍ഫാരോ പരിശീലകനായശേഷം പരഗ്വേ തോല്‍വി അറിഞ്ഞിട്ടില്ല. കരുത്തരായ ബ്രസീല്‍പോലും ടീമിന് മുന്നില്‍ തോല്‍വി സമ്മതിച്ചിരുന്നു. മറുവശത്ത്, അർജന്റീന പ്രതിരോധത്തിലെ മുന്നണിപ്പോരാളിയായ ലിസാൻഡ്രോ മാർട്ടിനെസ് പ്രീമിയർ ലീഗില്‍ മാഞ്ചസ്റ്റർ യുനൈറ്റഡ്- ലെസ്റ്റർ മത്സരത്തില്‍ പരിക്കേറ്റ് പുറത്താണ്. ജർമൻ പെസല്ല നേരത്തേ പുറത്തിരിക്കുന്നതിനിടെയാണ് ഇരട്ട ഷോക്ക്.

ബ്രസീലിനുമുണ്ട് ആധികള്‍. നെയ്മർ നാളെയും ഇറങ്ങില്ല. പരിക്കുമായി പുറത്തിരിക്കുന്ന റോഡ്രിഗോക്കും ഇറങ്ങാനാകില്ല. എൻഡ്രിക്കിനെ പരിഗണിച്ചിട്ടുമില്ല. റഫീഞ്ഞ, ലൂയിസ് എന്റിക് എന്നിവർക്കൊപ്പം ടീമിന് ജയം ഉറപ്പാക്കലാണ് വിനീഷ്യസിന് മുന്നിലെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *