ലോകകപ്പ് യോഗ്യത റൗണ്ട് നിർണായക മത്സരത്തില്‍ കുവൈത്ത് ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. വൈകീട്ട് അഞ്ചിന് കുവൈത്ത് ജാബിർ അല്‍ അഹമദ് ഇന്റർനാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ദക്ഷിണ കൊറിയ, ജോർഡൻ, ഇറാഖ്, ഒമാൻ, പലസ്തീൻ എന്നിവരടങ്ങുന്ന ഗ്രൂപ്പില്‍ കുവൈത്ത് നിലവില്‍ അഞ്ചാം സ്ഥാനത്താണ്.
ഗ്രൂപ്പില്‍ മുന്നേറണമെങ്കില്‍ ദക്ഷിണ കൊറിയക്കെതിരെ മികച്ച പ്രകടനം അനിവാര്യമാണ്. ശക്തരായ ദക്ഷിണ കൊറിയയെ നേരിടാൻ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്. ദക്ഷിണ കൊറിയക്കെതിരെ തോല്‍ക്കാതിരുന്നാല്‍ കുവൈത്തിന് വലിയ നേട്ടമാകും.
നാലു കളികളില്‍ മൂന്നു വിജയവും ഒരു സമനിലയുമായി നിലവില്‍ ഗ്രൂപ് ബിയില്‍ പത്ത് പോയന്റുമായി ദക്ഷിണ കൊറിയയാണ് ഒന്നാമത്. ഏഴ് പോയന്റ് വീതമുള്ള ജോർഡനും ഇറാഖും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഒമാൻ നാലാമതും കുവൈത്ത് അഞ്ചാമതുമാണ്. രണ്ട് പോയന്റുമായി പലസ്തീൻ ആറാമതാണ്.
വ്യാഴാഴ്ച ഗ്രൂപ്പിലെ മറ്റു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നതോടെ ലോകകപ്പ് യോഗ്യത റൗണ്ട് മൂന്നാം ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ അവസാനിക്കും. തുടർന്ന് ഗ്രൂപ്പിലെ ടീമുകള്‍ വീണ്ടും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനക്കാർ ലോകകപ്പിന് യോഗ്യത നേടും. രണ്ടും മൂന്നും സ്ഥാനക്കാർ യോഗ്യത മത്സരത്തിന്റെ നാലാം റൗണ്ടില്‍ പ്രവേശിക്കും. ഈ മാസം 19ന് ജോർദാനാണ് കുവൈത്തിന്റെ അടുത്ത എതിരാളി.