ഉത്തർപ്രദേശിലെ ബറേലിയില്‍ അറസ്റ്റിലായ കൊലയാളി ആറ് കൊലപാതകങ്ങളില്‍ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്.
ബറേലിയില്‍ 25 കിലോമീറ്റർ ചുറ്റളവില്‍ ഒൻപത് സ്ത്രീകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ കുല്‍ദീപ് കുമാർ ഗംഗ് വാർ(38) ആണ് ഇതില്‍ ആറുപേരെ കൊലപ്പെടുത്തിയത് താനാണെന്ന് കുറ്റസമ്മതം നടത്തിയത്. അതേസയം, ബാക്കി മൂന്ന് കേസുകളിലും പ്രതി ഇയാള്‍ തന്നെയാണെന്നുള്ള തെളിവുകള്‍ ലഭിച്ചതായാണ് പോലീസ് പറയുന്നത്.
2023 ജൂണ്‍ അഞ്ചാം തീയതി മുതല്‍ കഴിഞ്ഞ ജൂലായ് രണ്ടാം തീയതി വരെയുള്ള കാലയളവിലാണ് മധ്യവയസ്കരായ ഒൻപത് സ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ബറേലിയിലെ ഷാഹി, ശീഷ്ഘട്ട് പോലീസ് സ്റ്റേഷൻ പരിധികളില്‍ ഉള്‍പ്പെട്ട 25 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തായിരുന്നു ഈ ഒൻപത് കൊലപാതകങ്ങളും. സംഭവത്തിന് പിന്നില്‍ പരമ്ബര കൊലയാളിയാണെന്ന സംശയം ബലപ്പെട്ടതോടെ യു.പി. പോലീസ് ഊർജിതമായ അന്വേഷണം നടത്തുകയും കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ പിടികൂടുകയുമായിരുന്നു.
രണ്ടാനമ്മയോടുള്ള പകയും ഭാര്യ തന്നെ ഉപേക്ഷിച്ചതിലുള്ള വൈരാഗ്യവുമാണ് മധ്യവയസ്കരായ സ്ത്രീകളെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് പ്രതിയുടെ മൊഴി. കുല്‍ദീപിന്റെ അമ്മ ജീവിച്ചിരിക്കെ തന്നെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. രണ്ടാനമ്മയുടെ ഉപദ്രവം കാരണം കുല്‍ദീപിന് ചെറുപ്പകാലം മുതലേ സ്ത്രീകളോട് പകയായി. ഇതിനുശേഷം 2014-ല്‍ കുല്‍ദീപ് വിവാഹിതനായെങ്കിലും ഗാർഹിക പീഡനത്തെത്തുടർന്ന് ഭാര്യ ഉപേക്ഷിച്ചുപോയി. ഇതും സ്ത്രീകളോടുള്ള പകയ്ക്ക് കാരണമായെന്നാണ് റിപ്പോർട്ട്.
കൊലപ്പെടുത്തിയ സ്ത്രീകളെയൊന്നും കുല്‍ദീപ് ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ഇരകളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിലൊന്നും ലൈംഗികാതിക്രമം നടന്നതായി കണ്ടെത്തിയിരുന്നില്ല. അതേസമയം, കൊലപ്പെടുത്തിയ സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖകള്‍, ഇവർ തൊട്ടിരുന്ന പൊട്ട്, ഇവരുടെ കൈവശമുണ്ടായിരുന്ന ലിപ്സ്റ്റിക് തുടങ്ങിയവ പ്രതി സൂക്ഷിച്ചുവെച്ചിരുന്നു. തനിക്ക് ലഭിച്ച ട്രോഫികളെപ്പോലെയാണ് ഇയാള്‍ ഇതെല്ലാം വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒരു ‘പ്രൊഫഷണല്‍’ കൊലയാളിയെ അനുകരിക്കുന്നരീതിയിലാണ് കുല്‍ദീപ് കൃത്യം നടത്തിയിരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ടവരെ താൻ പിന്തുടർന്നിരുന്നതായി മറ്റുള്ളവരൊന്നും അറിയാത്തരീതിയിലായിരുന്നു ഇയാളുടെ ഇടപെടല്‍. മാത്രമല്ല, കൊലപാതകത്തിന് ശേഷം ഇയാള്‍ മൊബൈല്‍ഫോണും ഉപയോഗിച്ചിരുന്നില്ല. കൊലപ്പെടുത്തിയശേഷം മൃതദേഹം കരിമ്ബിൻ തോട്ടത്തില്‍ ഉപേക്ഷിക്കുന്നതും പ്രതിക്ക് രക്ഷപ്പെടാനുള്ള മാർഗമായിരുന്നു. കരിമ്ബിൻ തോട്ടത്തില്‍ 15 മീറ്ററോളം ഉള്ളിലായിട്ടാണ് സ്ത്രീകളുടെ മൃതദേഹം ഇയാള്‍ ഉപേക്ഷിച്ചിരുന്നത്. അത്രപെട്ടെന്ന് ആരും ശ്രദ്ധിക്കില്ലെന്ന് അറിയാമെന്നതിനാലാണ് ഈ രീതി അവലംബിച്ചതെന്നായിരുന്നു പ്രതിയുടെ മൊഴി.