ഇറാൻ പിന്തുണയുള്ള ലെബനനിലെ സായുധ സംഘടന ഹിസ്ബുള്ളയുടെ വമ്ബൻ ആയുധ ശേഖരം കണ്ടെത്തി ഇസ്രായേല്‍. തെക്കൻ ലെബനനിലെ ഒരു സ്കൂള്‍ മൈതാനത്ത് നിന്നാണ് ആയുധ ശേഖരം കണ്ടെത്തിയത് എന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്.
10 മീറ്റർ നാളമുള്ള ഭൂഗർഭ അറയിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നത്.
റോക്കറ്റുകള്‍, സ്ഫോടകസ്തുക്കള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ടാങ്ക് വേധ മിസൈലുകള്‍, ഉപകരണങ്ങള്‍ എന്നിവയൊക്കെയാണ് പിടിച്ചെടുത്തത്. ഇതിന് സമീപത്തുള്ള കെട്ടിടത്തില്‍നിന്ന് ചില രേഖകളും സൈന്യം പിടിച്ചെടുത്തു.
ലെബനനിലെ ആളുകളുടെ വീടുകളുടെ അടിഭാഗത്തും ഗ്രാമങ്ങളിലുമൊക്കെ ഹിസ്ബുള്ള ആയുധം സൂക്ഷിക്കുന്നുണ്ടെന്ന് ഇസ്രയേല്‍ നേരത്തെ ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 2023 ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്ള ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്ക് ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ തുടർച്ചയായി നടത്തിയിരുന്നു.
ആക്രമണങ്ങളെ തുടർന്ന് 68,000 കുടുംബങ്ങളാണ് ഇവിടെനിന്ന് മാറിപ്പോയത്. ഒഴിഞ്ഞുപോയവർ തിരികെ വരുന്നത് തടയാൻ തുടർച്ചയായി ആക്രമണം നടത്തുമെന്ന് ഹിസ്ബുള്ള പറഞ്ഞിരുന്നു. ഹിസ്ബുള്ള ആക്രമണം തുടർന്നതോടെയാണ് ലെബനനില്‍ ഇസ്രയേല്‍ യുദ്ധമുഖം തുറന്നത്.