ക്രൊയേഷ്യയുടെ മിഡ്ഫീല്‍ഡ് ഇതിഹാസം ലൂക്ക മോഡ്രിച്ച് സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡില്‍ തുടരും. താരവുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി ക്ലബ് അറിയിച്ചു.
റയലിലെ കരാര്‍ ഈ ജൂണോടെ അവസാനിക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപനം. ചാമ്ബ്യന്‍സ് ലീഗ് വിജയാഘോഷ വേളയില്‍ ഒരു വര്‍ഷം കൂടി മാഡ്രിഡില്‍ തുടരുമെന്ന് 38കാരനായ മോഡ്രിച്ച് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മധ്യനിരതാരം ടോണി ക്രൂസ് വിരമിച്ച സാഹചര്യത്തില്‍ റയല്‍ ആരാധകര്‍ക്ക് വലിയ മോഡ്രിച്ചിന്റെ കരാര്‍ നീട്ടിയത് വലിയ ആശ്വാസമാണ്.
റയല്‍ മാഡ്രിഡില്‍ തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോഡ്രിച്ച് നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു. 2012ല്‍ ഇംഗ്ലീഷ് ക്ലബ് ടോട്ടൻഹാമില്നിന്നാണ് മോഡ്രിച്ച് റയലിലെത്തുന്നത്.
ആറു ചാമ്ബ്യൻസ് ലീഗ്, നാല് ലാ ലീഗ ഉള്‍പ്പെടെ ക്ലബിനൊപ്പം 26 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. 2018ലെ ബാലണ്‍ ഡി ഓർ പുരസ്കാര ജേതാവായ താരം റയലിനായി 534 മത്സരങ്ങളില്‍നിന്ന് 39 ഗോളുകള്‍ നേടിയിട്ടുണ്ട്.