ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ തകർപ്പൻ മുന്നേറ്റം തുടരുന്ന ലിവർപൂളിനെ പിടിച്ചു കെട്ടി ന്യൂകാസില്‍ യുനൈറ്റഡ്.
3-3നാണ് ചെമ്ബടയെ സമനിലയില്‍ പൂട്ടിയത്.
ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജയിംസ് പാർക്കില്‍ നടന്ന പോരാട്ടത്തില്‍ സൂപ്പർ സ്ട്രൈക്കർ മുഹമ്മദ് സലാഹ് ലിവർപൂളിനായി ഇരട്ടഗോള്‍ നേടി. കുർട്ടിസ് ജോണ്‍സാണ് ലിവർപൂളിന്റെ മറ്റൊരു ഗോള്‍ നേടിയത്. അലക്സാണ്ടർ ഇസാക്ക്, ആന്റണി ജോർഡൻ, ഫാബിയൻ സ്കാർ എന്നിവരാണ് ന്യൂകാസിലിനായി വലകുലുക്കിയത്.
35ാം മിനിറ്റില്‍ സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിന്റെ ഗോളിലൂടെ ന്യൂകാസിലാണ് ആദ്യം ലീഡെടുക്കുന്നത്. ആദ്യ പകുതിയില്‍ ഗോളുറച്ച നിരവധി അവസരങ്ങള്‍ ഇരുടീമിന് മുന്നിലും തുറന്നെങ്കിലും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. രണ്ടാം പകുതിയില്‍ 50 മിനിറ്റില്‍ കുർട്ടിസ് ജോണ്‍സാണ് ലിവർപൂളിനെ ഒപ്പമെത്തിക്കുന്നത് (1-1). 62ാം മിനിറ്റില്‍ ആന്റണി ജോർഡൻ ന്യൂസിലിനെ വീണ്ടും മുന്നിലെത്തിച്ചു(2-1). ആറുമിനിറ്റിനകം ലിവർപൂള്‍ വീണ്ടും ഒപ്പമെത്തി.
68ാം മിനിറ്റില്‍ മുഹമ്മദ് സലാഹാണ് ഗോള്‍ നേടിയത്. 83ാം മിനിറ്റില്‍ സലാഹ് വീണ്ടും ന്യൂകാസില്‍ വലയിലേക്ക് നിറയൊഴിച്ചതോടെ ലിവർപൂള്‍ ആദ്യമായി ലീഡെടുത്തു. എന്നാല്‍ അന്തിമ വിസിലിന് തൊട്ടുമുൻപ് 90ാം മിനിറ്റില്‍ പ്രതിരോധ താരം ഫാബിയൻ സ്കാറിന്റെ ഗോളിലുടെ (3-3) ന്യൂകാസില്‍ സമനില പിടിച്ചുവാങ്ങുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ സതാംപറ്റണെ ചെല്‍സി ഗോളില്‍ (5-1) മുക്കി. 7,17,34,76,87 മിനിറ്റുകളില്‍ അക്സല്‍ ഡിസാസി, ക്രിസ്റ്റഫർ എങ്കുങ്കു, നോനി മാഡുവേക്കെ, കോള്‍ പാല്‍മർ, ജാഡോണ്‍ സാഞ്ചോ എന്നിവരാണ് യഥാത്രമം ഗോള്‍ നേടിയത്. 11ാം മിനിറ്റില്‍ ജോ അറിബോയാണ് സതാംപറ്റണിന്റെ ആശ്വാസ ഗോള്‍ നേടിയത്.
എവർട്ടൻ എതിരില്ലാത്ത നാലു ഗോളിന് വോള്‍വ്സിനെ തകർത്തു. ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രെൻഡ്ഫോർഡിനെ കീഴടക്കി. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി മാഞ്ചസ്റ്റർ സിറ്റി വിജയ വഴിയില്‍ തിരിച്ചെത്തി. മാഞ്ചസ്റ്റർ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സനല്‍ കീഴടക്കി. പ്രീമിയർ ലീഗില്‍ 14 മത്സരങ്ങള്‍ പൂർത്തിയായപ്പോള്‍ 35 പോയിന്റുമായി ലിവർപൂള്‍ തന്നെയാണ് മുന്നില്‍ 28 പോയിന്റുമായി ചെല്‍സിയും ആഴ്സനലുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.