വിവിധ രാജ്യങ്ങളുടെ സാംസ്കാരിക, പൈതൃക പ്രദർശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലിറ്റില്‍വേള്‍ഡ് എക്സിബിഷൻ ബുധനാഴ്ച ആരംഭിക്കുമെന്ന് പ്രൊമോട്ടർമാർ വാർത്താക്കുറിപ്പില്‍ അറിയിച്ചു.
വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍, സാംസ്കാരിക പരിപാടികള്‍, വൈവിധ്യങ്ങളായ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒരേ കുടക്കീഴില്‍ ഒരുക്കുന്ന കുവൈറ്റിലെ ആദ്യ സംരംഭമായിരിക്കുമിത്.
മിശിരിഫ് എക്സിബിഷൻ സെൻട്രല്‍ ഏരിയയില്‍ ഹാള്‍ നമ്ബർ ആറിന് സമീപത്തുള്ള പാർക്കിംഗ് ഏരിയയില്‍ തുറസായ സ്ഥലത്താണ് കാണികള്‍ക്ക് വിസ്മയം ഒരുക്കി ലിറ്റില്‍ വേള്‍ഡ് ഒരുങ്ങുന്നത്.
കുവൈറ്റ്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്‌ലൻഡ്, വിയറ്റ്നാം, ഫിലിപ്പിൻസ്, തുർക്കി, ഈജിപ്ത്, വിവിധ യൂറോപ്യൻ രാജ്യങ്ങള്‍, ജിസിസി രാജ്യങ്ങള്‍ എന്നിവയുടെ പതിനാലോളം പവലിയനായാണ് ലിറ്റില്‍ വേള്‍ഡ് ആദ്യ സീസണില്‍ ഉണ്ടാവുക.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, സാംസ്കാരിക പ്രകടനങ്ങള്‍, അന്താരാഷ്ട്ര ഭക്ഷണ അനുഭവങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേകമായി രൂപകല്‍പന ചെയ്ത വിനോദങ്ങള്‍ക്കായുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കും.
വിവിധ പവലിയനുകളില്‍ അതാത് രാജ്യങ്ങളുടെ തനത് ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്തമായ കാഴ്‌ച ഒരുക്കുന്നതിന്‍റെ ഭാഗമായി സന്ദർശകർക്കായി മിനി മൃഗശാല കൂടി ഒരുക്കുന്നതാണ് സംഘാടകർ അറിയിച്ചു.
സർക്കാർ സംവിധാനമായ കുവൈറ്റ് ഇന്‍റർനാഷണല്‍ ഫെയർ അതോറിറ്റിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം ദുബായി ഗ്ലോബല്‍ വില്ലേജില്‍ വിവിധ പവലിയനുകള്‍ ഒരുക്കിയ വേഗ ഇന്‍റർനാഷണല്‍ എക്സിബിഷൻസ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ. മേളയിലെ ഏറ്റവും വലിയ പവലിയനുകളില്‍ ഒന്നായ ഇന്ത്യ പവലിയൻ തലയെടുപ്പോടെ മുഖ്യ ആകർഷകമായി മേളയില്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയുടെ വിവിധ മേഖലയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, തനത് ആഭരണങ്ങള്‍ക്കായുള്ള പ്രത്യേക വിഭാഗം, ലോക പ്രശസ്തമായ കാശ്മീർ തുണിത്തരങ്ങള്‍, ഇന്ത്യൻ നിർമ്മിത സുഗന്ധ വസ്തുക്കള്‍, ആസ്സാമില്‍ നിന്നുള്ള ഊദ് അനുബന്ധ ദ്രവ്യങ്ങള്‍, ഇന്ത്യൻ ചാറ്റ് വിഭവങ്ങള്‍,
ഹോം ഡെക്കറേഷൻ, കൈത്തറി വസ്ത്രങ്ങള്‍, പഞ്ചാബി തുകല്‍ ചെരിപ്പുകള്‍, ഫാഷൻ തുണിത്തരങ്ങള്‍, ആദിവാസി ഹെർബർ എണ്ണകള്‍, പരമ്ബരാഗത രീതിയില്‍ ഉണ്ടാക്കിയ വേദന സംഹാരികള്‍ ഹെർബല്‍ എണ്ണ അനുബന്ധ വസ്തുക്കള്‍, ആയുവേദ വസ്തുക്കള്‍ എന്നിവയുടെ വിശാലമായ ശേഖരം തന്നെ ഇന്ത്യ പവലിയനില്‍ ഉണ്ടാകും.
സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയും അവധി ദിവസങ്ങളില്‍ മൂന്നു മുതല്‍ രാത്രി 10 വരെയാകും സന്ദർശന സമയം. ലിറ്റില്‍വേള്‍ഡിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും മാർച്ച് ഒന്ന് വരെ നീണ്ടു നില്‍ക്കുമെന്നും സംഘാടകർ പറഞ്ഞു.