വെടിനിർത്തല്‍ കരാർ ചർച്ചകള്‍ നടക്കുന്നതിനിടെ ലബനാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 36 പേർ കൊല്ലപ്പെട്ടു.
17 പേർക്ക് പരിക്കേറ്റു. തെക്കൻ, കിഴക്കൻ ലബനാനിലാണ് ആക്രമണങ്ങള്‍ നടന്നത്. കിഴക്കൻ ലബനീസ് ഗവർണറേറ്റായ ബാല്‍ബേക്ക്-ഹെർമെലില്‍ നടന്ന ആക്രമണത്തില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ എട്ട് പേർ നാബി ചിറ്റിലെ റസിഡൻഷ്യല്‍ അപ്പാർട്ട്മെന്റിന് നേരെ നടന്ന ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹെർമലിലാണ് മറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടത്.
ഇതുകൂടാതെ കിഴക്കൻ ലബനാനില്‍ നടന്ന ആക്രമണത്തില്‍ 25 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍. മരേക്ക് ഗ്രാമത്തില്‍ മൂന്ന് പേരും ഐൻ ബാലില്‍ രണ്ടും ഗാസിയേഹില്‍ 10 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകള്‍. ടയറിയില്‍ നടന്ന വ്യോമാക്രമണത്തില്‍ 17 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതേസമയം, ലബനാനില്‍ വെടിനിർത്തല്‍ സംബന്ധിച്ച് ചർച്ച നടത്താനായി ഇസ്രയേലിന്റെ നിർണായക മന്ത്രിസഭ യോഗം ഇന്ന് നടക്കും. 60 ദിവസത്തെ വെടനിർത്തല്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. ഇതോടെ ലബനാനില്‍ ഹിസ്ബുള്ളയുമായി ഒരു വർഷമായി നടക്കുന്ന യുദ്ധത്തില്‍ താല്‍ക്കാലിക ഇടവേളയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.