റോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും കണക്കിലൊതുക്കാനാകില്ല: ഹൈക്കോടതി

 റോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെയാണെന്നും അതിനെ വെറും കണക്കിലൊതുക്കാനാകില്ലെന്നും ഹൈക്കോടതി.

തൃശ്ശൂര്‍ നാട്ടികയില്‍ റോഡില്‍ ഉറങ്ങിക്കിടന്ന അഞ്ചുപേര്‍ തടി ലോറി കയറി മരിച്ച സംഭവത്തില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ട വിധിന്യായത്തിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ പരാമര്‍ശം.

കേസില്‍ രണ്ടാം പ്രതിയായ ലോറി ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി സി ജെ ജോസിന്റെ ജാമ്യ ഹര്‍ജി തള്ളി. അപകടങ്ങള്‍ സ്വാഭാവികമായി സംഭവിക്കുന്നതല്ലെന്നും അത് സൃഷ്ടിക്കുന്നതാണെന്നും പറഞ്ഞ കോടതി റോഡിലെ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും കൂട്ടിചേര്‍ത്തു. ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്നും എല്ലാ ജീവനും സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

നാട്ടികയില്‍ നടന്ന അപകടം എല്ലാവരുടെയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. അപകടമായിരുന്നുവെന്നും അതിനാല്‍ നരഹത്യയുള്‍പ്പടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. കേസിലെ രണ്ടാം പ്രതിയാണ് ഹരജിക്കാരന്‍. ഇയാള്‍ മദ്യപിച്ച്‌ വാഹനം ഓടിച്ചതായിരുന്നു അപകടത്തിന്റെ പ്രധാന കാരണം. ഹരജിക്കാരന്റെ വാദങ്ങള്‍ തള്ളിയ കോടതി, ഇത്തരമൊരു കേസില്‍ കോടതിയുടെ ഉത്തരവ് എന്നത് സമൂഹത്തിനൊരു സന്ദേശമായി മാറേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *