റോഡില്‍ പന്തല്‍ കെട്ടി സിപിഎം ഏരിയ സമ്മേളനം; പാളയം ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

 സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തല്‍ കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു.

പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് സിപിഎം നേതാക്കളെ പ്രതിചേർത്തത്.

നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ എന്നായിരുന്നു പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പുതുതായി പ്രതിചേർത്തതില്‍ പാളയം ഏരിയ കമ്മിറ്റി അംഗങ്ങള്‍ മുഴുവൻ ഉണ്ട്. ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ഒന്നാം പ്രതിയാണ്. പന്തല്‍ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് വഞ്ചിയൂർ പൊലീസിന്റെ തീരുമാനം.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തില്‍ വഞ്ചിയൂർ എസ് എച്ച്‌ ഒ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തി സിപിഎം ഏരിയ സമ്മേളനം നടത്തിയതില്‍ കോടതിയലക്ഷ്യ കേസെടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ആരെല്ലാമാണ് പ്രതികള്‍ എന്ന് ബുധനാഴ്ച അറിയിക്കണമെന്നും നിർദേശിച്ചിരുന്നു. റോഡ് കെട്ടിയടക്കാൻ എവിടെ നിന്നാണ് ഇവർക്ക് അധികാരം കിട്ടിയതെന്നും കോടതി ചോദിച്ചു.
കാല്‍നടക്കാർ റോഡിലൂടെ നടക്കേണ്ട അവസ്ഥയാണെന്നും കോടതി കുറ്റപ്പെടുത്തി.

ജസ്റ്റിസ് അനില്‍ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരെ എതിർകക്ഷി ആക്കിയാണ് ഹർജി.

വഞ്ചിയൂരില്‍ കോടതിക്ക് സമീപമാണ് സിപിഎമ്മിന്റെ ഏരിയാ കമ്മിറ്റി സമ്മേളനത്തിന് വേണ്ടി റോഡിന്റെ ഒരുവശം കെട്ടിയടച്ച്‌ സ്റ്റേജ് നിർമിച്ചത്. വാഹനങ്ങളെല്ലാം ഒരു വശത്തുകൂടി കടത്തിവിട്ടതോടെ വന്‍ഗതാഗതക്കുരുക്കില്‍ ജനം വലഞ്ഞിരുന്നു. വഞ്ചിയൂര്‍ കോടതി സമുച്ചയത്തിന് സമീപത്താണ് പാളയം ഏരിയാ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി റോഡ് കെട്ടിയടച്ച്‌ വേദിയൊരുക്കിയത്. ജനറല്‍ ആശുപത്രിയും ഹോളി ഏയ്ഞ്ചല്‍സ് സ്‌കൂളും ഇതിനു സമീപത്തായുണ്ട്.

പൊതുഗതാഗതം പൂർണ്ണമായും തടസ്സപ്പെടുത്തി പരിപാടികള്‍ നടത്തരുതെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേ ജില്ലാ കോടതിയുടെയും, വഞ്ചിയൂർ പൊലീസ് സ്റ്റേഷന്റെയും മുന്നിലാണ് ഈ നടപടിയെന്ന് അഭിഭാഷകർ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *