മഴവില്ലിന്റെ പോലെ ജീവിതവും കളര്‍ഫുള്‍ ആക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള് എല്ലാവരും. എന്നാല്‍ പിന്നെ, അത് ഭക്ഷണത്തില്‍ നിന്ന് തന്നെ തുടങ്ങാം..
നല്ല മഴവില്ല് പോലൊരു ഭക്ഷണ ക്രമം. അതാണ് റെയിന്‍ബോ ഡയറ്റ്.
എന്താണ് റെയിന്‍ബോ ഡയറ്റ് എന്നല്ലേ… പോഷകസമൃദ്ധമായ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡയറ്റ് ആണ് റെയിന്‍ബോ ഡയറ്റ്. ഓരോ നിറങ്ങളും ആരോഗ്യത്തിന് ആവശ്യമായ വ്യത്യസ്ത ധാതുക്കളുടെയും ആന്റി-ഓക്സിഡന്റുകളെയും പ്രതിനിധീകരിക്കുന്നു. കാണാൻ മനോഹരം ആണ് എന്നതിനൊപ്പം ആൻ്റിഓക്സിഡൻ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ ധാരാളമായി ശരീരത്തില്‍ എത്തിക്കാൻ റെയിൻബോ ഡയറ്റ് നല്ലതാണ്.
ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങളില്‍ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. പർപ്പിള്‍ നിറത്തിലുള്ള ബ്ലൂബെറി, വഴുതനങ്ങ തുടങ്ങിയ ഭക്ഷണങ്ങളില്‍ ആന്തോസയാനിനുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. ബുദ്ധിവികാസത്തിന് ഏറെ സഹായിക്കുന്നവയാണ് പർപ്പിള്‍ നിറത്തിലുള്ള ഈ ഭക്ഷണങ്ങള്‍.
ഇത്തരത്തില്‍ ഓരോ നിറങ്ങളും വ്യത്യസ്തമായ പോഷകങ്ങള്‍ നല്കുന്നു. പ്ലേറ്റ് കളര്‍ഫുള്‍ ആകുന്നതോടെ മിക്ക പോഷകങ്ങളും ശരീരത്തില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യാം. പഴങ്ങളില്‍ ആന്റി-ഓക്സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ഇത് ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും രോഗം തടയാൻ സഹായിക്കുകയും ചെയ്യുന്നു. നിറങ്ങളുടെ പഴങ്ങളിലും പച്ചക്കറികളിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്.