റേഷന്‍ കടകള്‍ ഇന്ന് തുറക്കില്ല; കടകളടച്ച്‌ വ്യാപാരികളുടെ സമരം

റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌ വ്യാപാരികള്‍ ഇന്ന് കടയടപ്പ് സമരം നടത്തും.

സംയുക്ത റേഷന്‍ കോ-ഓർഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം. രാവിലെ 10 ന് താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തെ റേഷന്‍ വ്യാപാരികളുടെ വേതന കുടിശ്ശിക ഉടന്‍ നല്‍കുക, കോവിഡ് കാലത്ത് കിറ്റ് നല്‍കിയതിന്‍റെ കമ്മീഷന്‍ പൂര്‍ണമായും നല്‍കി കോടതിയലക്ഷ്യ നടപടി ഒഴിവാക്കുക, ഓണത്തിന്റെ ഉത്സവകാല ഓണറേറിയമായ 1000 രൂപ നല്‍കുക, 2018 ലെ വേതന പാക്കേജ് പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍, കെആര്‍ഇയു (സിഐടിയു), കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത സമരസമിതിയാണ് സമരരംഗത്തുള്ളത്.

രണ്ടു മാസമായി ശന്പളമില്ലെന്നും സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് കമ്മീഷന്‍റെ പകുതിമാത്രമാണു ലഭിച്ചതെന്നും മുൻ എംഎല്‍എ ജോണി നെല്ലൂരിന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേർന്ന യോഗം വിലയിരുത്തി.

കിറ്റ് കമ്മീഷൻ പകുതിയോളം വ്യാപാരികള്‍ക്കാണു ലഭിച്ചത്. ധനവകുപ്പിന്‍റെ ഇടപെടലില്ലാത്തതാണു പ്രതിസന്ധിക്കു കാരണം. പ്രശ്നത്തില്‍ മുഖ്യമന്ത്രി ഇടപെടണം. ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപ ഓണറേറിയം ഇതുവരെ വ്യാപാരികള്‍ക്കു ലഭിച്ചിട്ടില്ല. വേതനവർധന, ക്ഷേമനിധി, കെടിപിഡിഎസ് ഉത്തരവ് പരിഷ്കരണം തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കു പരിഹാരമുണ്ടാകണം.

മറിച്ചായാല്‍ ജനുവരി ആറുമുതല്‍ അനിശ്ചിതകാല കടയടപ്പുസമരവുമായി മുന്നോട്ടുപോകും. ഇതിനുള്ള പ്രചാരണപരിപാടികള്‍ ആരംഭിക്കും. ഇടയ്ക്കിടെയുണ്ടാകുന്ന വാതില്‍പ്പടികരാറുകാരുടെ സമരം ഒത്തുതീർപ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ റേഷൻകടകളില്‍ അരിയില്ലാത്ത സ്ഥിതിയുണ്ടാകുമെന്നും തൃശൂരില്‍ ചേർന്ന യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *