പോളയത്തോട് റെയില്‍വേ മേല്‍പ്പാലം നിർമ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഒരുകോടി എട്ടുലക്ഷം രൂപകൂടി സർക്കാർ അധികമായി അനുവദിച്ചതായി എം.നൗഷാദ്.എം.എല്‍.എ അറിയിച്ചു.സ്ഥലം ഏറ്റെടുക്കുന്നതിന് 7.5 കോടി രൂപയാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇത് അപര്യാപ്‌തമാണെന്ന എം.എല്‍.എയുടെ അഭ്യർഥന പരിഗണിച്ച് 2023 ഒക്ടോബർ 10ന് ധനമന്ത്രി 4.83 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഇതിനുപുറമെയാണ് ഇപ്പോള്‍ 1,08,25000 രൂപ കെ.എൻ.ബാലഗോപാല്‍ അനുവദിച്ചത്. ഇതോടെ പോളയത്തോട് റെയില്‍വേ മേല്‍പ്പാലനിർമ്മാണത്തിന് ആകെ അനുവദിച്ച തുക 31.41 കോടിയായി. പാലവും അപ്രോച്ച് റോഡും നിർമ്മിയ്ക്കാൻ 18.11 കോടിയും സ്ഥലം ഏറ്റെടുക്കാൻ 13.41 കോടിയും. പോളയത്തോട് 545- ആം നമ്ബർ റെയില്‍വേ ലെവല്‍ ക്രോസ്സിലാണ് മേല്‍പ്പാലം നിർമ്മിയ്ക്കുന്നത്. ഒമ്ബത് സ്പാനുകളിലായി ഉയരുന്ന പാലത്തിന്‍റെ ആകെ നീളം 348 മീറ്ററും വീതി 12 മീറ്ററുമായിരിയ്ക്കും.കെ റെയില്‍ കോർപ്പറേഷനാണ് നിർവ്വഹണ ഏജൻസി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനം (ഇലവൻ ഒണ്‍ (11-1) വിജ്ഞാപനം) 2022 ആഗസ്ത് 16 ന് പുറപ്പെടുവിച്ചിരുന്നു. 2019-2020 ലെ ബജറ്റിലാണ് പോളയത്തോട്ടില്‍ റെയില്‍വേ മേല്‍പ്പാലം (ആർ.ഒ.ബി) നിർമ്മിയ്ക്കാൻ സംസ്ഥാന സർക്കാർ തുക വകയിരുത്തിയത്. 2021 ജനുവരി 13 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചത്. നിർമ്മാണപ്രവർത്തനങ്ങള്‍ക്ക് 2023 ജൂലൈയില്‍ ഭരണാനുമതി പുതുക്കി 18.11 കോടി രൂപ അനുവദിച്ചിരുന്നു.67 വസ്തു ഉടമകളില്‍നിന്നായി 74.98 സെന്റ് സ്ഥലം പദ്ധതിയ്ക്കായി ഏറ്റെടുക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കമ്ബോളവിലയും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയായിരിയ്ക്കും വസ്തു ഏറ്റെടുക്കുക. ഇരവിപുരം മണ്ഡലത്തില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിർമ്മിയ്ക്കുന്ന ആറാമത്തെ റെയില്‍വേ മേല്‍പ്പാലനിർമ്മാണ പദ്ധതിയാണിത്.