2025 ഐപിഎല്‍ മെഗാ ലേലത്തിന് മുന്നോടിയായി തങ്ങളുടെ നായകൻ റിഷഭ് പന്തിനെ റിലീസ് ചെയ്യാൻ ഡല്‍ഹി ക്യാപിറ്റല്‍സ്.
ഇതിനോടകം തന്നെ ഡല്‍ഹി തങ്ങളുടെ നിലനിർത്തല്‍ ലിസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ പന്തിന്റെ പേരടങ്ങുന്നില്ല എന്നുമാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്ഷർ പട്ടേല്‍, കുല്‍ദീപ് യാദവ് ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറല്‍ എന്നിവരെ നിലനിർത്താനാണ് ഡല്‍ഹി തീരുമാനിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പന്തിന്റെ ഡിമാന്റുകള്‍ അംഗീകരിക്കാൻ സാധിക്കാതെ വന്നതോടെയാണ് ഡല്‍ഹി ഇത്തരം ഒരു റിലീസിന് തയ്യാറാവുന്നത് എന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം രണ്ടു തരത്തിലുള്ള ഡിമാന്റുകളാണ് പന്ത് ഡല്‍ഹിയുടെ മുൻപിലേക്ക് വെച്ചിട്ടുള്ളത്. ടീമിന്റെ നായകനായി തുടരണമെന്നും, കോച്ചിംഗ് സ്റ്റാഫുകളെ തിരഞ്ഞെടുക്കുന്നതില്‍ ഭാഗമാക്കണമെന്നുമാണ് പന്ത് ഡല്‍ഹിയോട് അറിയിച്ചിട്ടുള്ളത്. പക്ഷേ ഇക്കാര്യം അംഗീകരിക്കാൻ ഡല്‍ഹി തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് പന്തിനെ നിലനിർത്തില്ല എന്ന വാർത്ത പുറത്തുവരുന്നത്.
“റിഷഭ് പന്ത് ക്യാപ്റ്റൻസി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല കോച്ചുകളുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും തിരഞ്ഞെടുപ്പില്‍ തന്നെയും ഭാഗമാക്കണമെന്ന ഡിമാൻഡ് മുൻപോട്ടു വെച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഇതിനർത്ഥം ഡല്‍ഹി അവനെ ഉപേക്ഷിക്കുമെന്നല്ല. പക്ഷേ അവർ ഒരു നായകനായി അവനെ പരിഗണിക്കുന്നില്ല. ഇത് ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനവുമല്ല.”- ഡല്‍ഹി ക്യാപിറ്റല്‍സുമായി ബന്ധപ്പെട്ട ഒരു ഉറവിടം അറിയിച്ചു.
ഇത്തരത്തില്‍ പന്തിനെ റിലീസ് ചെയ്യുകയാണെങ്കില്‍ അത് ഇന്ത്യൻ പ്രീമിയർ ലീഗില്‍ വലിയ പ്രകമ്ബനങ്ങള്‍ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. 2016ല്‍ അണ്‍ക്യാപ്ഡ് താരമായാണ് ഡല്‍ഹി ടീമിലേക്ക് പന്ത് എത്തിയത്. ശേഷം 2021ല്‍ പന്തിനെ തങ്ങളുടെ ഫ്രാഞ്ചൈസിയുടെ നായകനാക്കി ഡല്‍ഹി മാറ്റുകയുണ്ടായി. പന്തിന് കീഴില്‍ ഇതുവരെ 43 മത്സരങ്ങളാണ് ഡല്‍ഹി കളിച്ചിട്ടുള്ളത്. ഇതില്‍ 23 മത്സരങ്ങളില്‍ ഡല്‍ഹി വിജയം കാണുകയുണ്ടായി.
19 മത്സരങ്ങളിലാണ് ഡല്‍ഹി പരാജയം നേരിട്ടത്. എന്നാല്‍ പന്തിന്റെ അഭാവത്തില്‍ ആര് ഡല്‍ഹിയുടെ നായകനാവും എന്ന ചോദ്യവും നിലനില്‍ക്കുന്നു. ഡല്‍ഹിയ്ക്ക് മുൻപിലുള്ള ഏറ്റവും മികച്ച ഓപ്ഷൻ അക്ഷർ പട്ടേലാണ്. മാത്രമല്ല കൊല്‍ക്കത്ത റിലീസ് ചെയ്യുകയാണെങ്കില്‍ ശ്രേയസ് അയ്യരെ സ്വന്തമാക്കാനും ഡല്‍ഹി ശ്രമിക്കുന്നുണ്ട്.
“അക്ഷറാണ് നായകനാവാൻ ഏറ്റവും മികച്ച ഓപ്ഷൻ. മാത്രമല്ല ഡല്‍ഹി ഇത്തവണത്തെ മെഗാ ലേലത്തിലൂടെ ഒരു ക്യാപ്റ്റനെ കണ്ടെത്താനുള്ള ശക്തമായ സാധ്യതയും നില്‍ക്കുന്നു. മെഗാ ഓക്ഷനിലേക്ക് എത്തുമ്ബോള്‍ ഒരുപാട് ക്യാപ്റ്റൻസി ഓപ്ഷനുകള്‍ ഡല്‍ഹിക്ക് മുൻപിലേക്ക് എത്തും. അതിലേക്കായിരിക്കും ഡല്‍ഹി ലക്ഷ്യം വയ്ക്കുന്നത്. ശ്രേയസ് അയ്യര്‍ എല്ലായ്പ്പോഴും ഡല്‍ഹിയുടെ മുൻപിലുള്ള താരം തന്നെയാണ്. ഡല്‍ഹി ടീമിനൊപ്പം ഒരുപാട് വിജയങ്ങള്‍ സ്വന്തമാക്കാൻ ശ്രേയസിന് സാധിച്ചിട്ടുണ്ട്. കൃത്യമായി തന്നെ ടീമിന്റെ അന്തരീക്ഷങ്ങള്‍ അവന് മനസ്സിലാക്കാനും കഴിയും.”- ഡല്‍ഹി ടീമുമായി ബന്ധപ്പെട്ട വൃത്തം അറിയിക്കുന്നു