ചലച്ചിത്ര-ടെലിവിഷൻ നിർമാണ വ്യവസായത്തെ ശക്തിപ്പെടുത്താൻ മധ്യപൂർവേഷ്യയിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതിക തികവുമാർന്ന സിനിമ-ടെലിവിഷൻ സ്റ്റുഡിയോ സ്ഥാപിച്ച് സൗദി അറേബ്യ.സിനിമാ നിർമാണത്തിന്റെ സമഗ്രതലങ്ങളും സംവിധാനങ്ങളും ഉള്‍പ്പെടുത്തി റിയാദില്‍ നിർമിച്ച ‘അല്‍ ഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോസ്’ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് ഉദ്ഘാടനം ചെയ്തു.റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് അതിവിശാലമായ സ്റ്റുഡിയോ. മധ്യപൂർവേഷ്യൻ മേഖലയിലും റിയാദ് സീസണിലും ചലച്ചിത്ര-ടെലിവിഷൻ നിർമാണ വ്യവസായത്തെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ ചുവടുവെപ്പാണിത്. 120 ദിവസം കൊണ്ട് നിർമിച്ച സ്റ്റുഡിയോ സിനിമകളുടെയും ടെലിവിഷൻ പരിപാടികളുടെയും നിർമാണത്തിനുള്ള മധ്യപൂർവേഷ്യൻ മേഖലയിലെ ഏറ്റവും വലുതും ആധുനികവുമായ സ്റ്റുഡിയോകളില്‍ ഒന്നാണ്.10,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഏഴ് സ്റ്റുഡിയോ കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്ന വലിയ സമുച്ചയമാണിത്. ആകെ പ്രോജക്റ്റ് ഏരിയ മൂന്ന് ലക്ഷം ചതുരശ്ര മീറ്ററാണ്. അനുബന്ധ വർക്ഷോപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രൊഡക്ഷൻ വില്ലേജും നൂതന സൗകര്യങ്ങളോട് കൂടിയ ആഡംബര വി.ഐ.പി സ്യൂട്ടുകള്‍, ഫിലിം പ്രൊഡക്ഷൻ ഓഫിസുകള്‍, ഫുള്‍ എഡിറ്റിങ് റൂമുകള്‍ എന്നിവയും ഇതോടൊപ്പമുണ്ട്. ഏറ്റവും ഉയർന്ന ഉല്‍പാദനക്ഷമത കൈവരിക്കുന്നതിന് അനുയോജ്യമായ തൊഴില്‍ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. ഫിലിം, ടെലിവിഷൻ നിർമാണത്തിന് ആവശ്യമായ എന്തും ഒരിടത്ത് ഒരുക്കി നിർമാണ പ്രക്രിയ ലളിതവും വേഗത്തിലുമാക്കുകയെന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരമാണ് അല്‍ ഹിസ്ൻ ബിഗ് ടൈം സ്റ്റുഡിയോസ്. ഇത് സമയവും പ്രയത്നവും ചെലവും ലാഭിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തില്‍ സിനിമ നിർമാണത്തെ എത്തിക്കുന്നതിനും സഹായിക്കും. ഭീമാകാരമായ ഈ പദ്ധതി ഉല്‍പാദന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെലവ് കുറക്കുകയും ചെയ്യും. ഈ മേഖലയില്‍ വിദഗ്ധരായ എല്ലാ കമ്ബനികള്‍ക്കും സേവനം നല്‍കും.അത്യാധുനിക സാങ്കേതിക വിദ്യകളുള്ള സ്റ്റുഡിയോകള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ ധനസഹായം നല്‍കി പ്രൊഡക്ഷൻ കമ്ബനികളെ പിന്തുണക്കുന്ന സാമ്ബത്തിക, ബാങ്കിങ് മേഖലക്ക് ഈ സ്ഥാപനം തന്ത്രപരമായ അവസരമായി മാറും. രാജ്യത്തെ ഉല്‍പാദന വ്യവസായത്തെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇത് വർധിപ്പിക്കും. ചലച്ചിത്ര-ടെലിവിഷൻ നിർമാണ മേഖലകളില്‍ ഗുണപരമായ കുതിപ്പിന് ഇത് വഴിയൊരുക്കും.