ജലസ്രോതസ്സുകളുടെ സുസ്ഥിരതക്ക് ലോക രാജ്യങ്ങള്‍ സംയുക്തമായി പദ്ധതികള്‍ വികസിപ്പിക്കണമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാൻ പറഞ്ഞു.
റിയാദില്‍ ആരംഭിച്ച ‘ഒരു ജലം’ അന്താരാഷ്ട്ര ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരുഭൂവത്കരണത്തെ ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്ര കണ്‍വെൻഷനിലെ കക്ഷികളുടെ 16ാം സമ്മേളനത്തിന് രാജ്യം ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ചാണ് ഉച്ചകോടി.
ശുദ്ധജലത്തിന്‍റെ പ്രധാന പാത്രം ഭൂമിയായതിനാല്‍ അതിന്‍റെ നാശവും വരള്‍ച്ചയും കുറക്കാനുള്ള വഴി തേടുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ജലത്തിന്‍റെ കാര്യത്തില്‍ ലോകം വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. ഇത് മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന ഒന്നിലധികം പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ഉപയോഗയോഗ്യമായ ജലത്തിന്‍റെ അഭാവം, മരുഭൂമീകരണത്തിന്‍റെ വഷളായിക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍, മനുഷ്യജീവിതത്തിനും സമൂഹങ്ങള്‍ക്കും തുടർന്നുള്ള ഭീഷണി എന്നിവ ഇതിലുള്‍പ്പെടും. ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നതിന് സംയുക്ത പ്രവർത്തനം ആവശ്യമാണ്.
2020ല്‍ അധ്യക്ഷ പദവി വഹിക്കുമ്ബോള്‍ ജി20യുടെ വർക്ക് മാപ്പില്‍ സൗദി അറേബ്യയുടെ മുൻകൈയില്‍ ആദ്യമായി ജല പ്രശ്നങ്ങള്‍ ഉള്‍പ്പെടുത്തിയത് കിരീടാവകാശി ചൂണ്ടിക്കാട്ടി. 60 രാജ്യങ്ങളിലായി 200ലധികം ജലപദ്ധതികള്‍ക്കായി സൗദി 600 കോടി ഡോളർ നല്‍കിയെന്നും ജലക്ഷാമം നേരിടാനുള്ള രാജ്യത്തിന്‍റെ ദൃഢനിശ്ചയത്തെയാണ് ജല ഉച്ചകോടി പ്രതിഫലിപ്പിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. വേള്‍ഡ് വാട്ടർ കൗണ്‍സിലുമായി സഹകരിച്ച് ‘വേള്‍ഡ് വാട്ടർ ഫോറം 2027’ന് ആതിഥേയത്വം വഹിക്കാൻ സൗദി തയാറെടുക്കുകയാണെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി.
റിയാദ് ആസ്ഥാനമായി ഒരു അന്താരാഷ്ട്ര ജല സംഘടന സ്ഥാപിക്കുമെന്ന് സൗദി പ്രഖ്യാപിച്ചത് കിരീടാവകാശി സൂചിപ്പിച്ചു. ജല വെല്ലുവിളികളെ സമഗ്രമായി അഭിമുഖീകരിക്കുന്നതിനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങള്‍ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആഗോളതലത്തില്‍ ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഈ സംഘടന പ്രവർത്തിക്കും.
അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിച്ച് ജല വെല്ലുവിളികള്‍ക്ക് സമഗ്രമായ പരിഹാരം കണ്ടെത്തും. അനുഭവങ്ങളും നൂതന സാങ്കേതികവിദ്യകളും കൈമാറുന്നതും ഈ മേഖലയിലെ ഗവേഷണവും വികസനവും വർധിപ്പിക്കുന്നതും അതിന്‍റെ പ്രവർത്തനത്തിലുള്‍പ്പെടും. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും സ്വകാര്യ മേഖലയോടും ഈ സംഘടനയില്‍ ചേരാൻ സൗദി ആഹ്വാനം ചെയ്യുന്നുവെന്നും കിരീടാവകാശി പ്രസംഗത്തിനൊടുവില്‍ പറഞ്ഞു.
റിയാദില്‍ ആരംഭിച്ച ഉച്ചകോടിക്ക് സൗദി അറേബ്യയെ കൂടാതെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍, കസാക്കിസ്താൻ പ്രസിഡന്‍റ് കാസിം ജോമാർട്ട് ടോകയേവ്, ലോകബാങ്ക് പ്രസിഡന്‍റ് അജയ് ബംഗ എന്നിവർ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇന്ത്യൻ വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും പങ്കെടുക്കുന്നുണ്ട്. ജല പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഗവേഷണം, വികസനം, നവീകരണം എന്നിവ മെച്ചപ്പെടുത്താനും വൈദഗ്ധ്യം, അനുഭവങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവ കൈമാറ്റം ചെയ്യാനും ജലത്തിന്‍റെ വെല്ലുവിളികളെ സമഗ്രമായി അഭിമുഖീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് അന്താരാഷ്ട്ര സമ്മേളനം.