റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലൻ വയനാട്ടിലേക്ക്; രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമാകും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിലിന് നേതൃത്വം നല്‍കിയ മലയാളിയായ റിട്ട.മേജർ ജനറല്‍ എം. ഇന്ദ്രബാലൻ വയനാട് രക്ഷാദൗത്യത്തില്‍ പങ്കെടുക്കും. കോഴിക്കോട്ടെത്തിയ ഇദ്ദേഹം ഉടൻ തന്നെ വയനാട്ടിലേക്ക് തിരിക്കും.പാലക്കാട് മരുതറോഡ് കൊട്ടേക്കാട് തെക്കേത്തറ സ്വദേശിയാണ് മേജർ ജനറല്‍ ഇന്ദ്രബാലൻ. ഇന്‍റലിജന്‍റ് ബറീഡ് ഒബ്ജക്‌ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച്‌ മണ്ണിനടിയിലുള്ള മനുഷ്യന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിന് ഇദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ശ്രമിക്കും. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സഹായം തേടിയിരുന്നുവെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.വയനാട്ടിലെ മുണ്ടക്കെ-ചൂരല്‍മല മേഖലയെ ആകെ തകർത്തെറിഞ്ഞ ഉരുള്‍ പൊട്ടലില്‍ 276 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതല്‍ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മേഖലയില്‍ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്.

Leave a Reply

Your email address will not be published. Required fields are marked *