റവന്യൂ വകുപ്പില്‍ തഹസില്‍ദാർമുതല്‍ സീനിയർ ക്ലർക്ക് വരെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം പ്രതിസന്ധിയില്‍.
മേയ് 26ന് ഓണ്‍ലൈൻ അപേക്ഷയുടെ കരട് പ്രസിദ്ധീകരിക്കാൻ റവന്യൂ വകുപ്പിന് സാധിച്ചിരുന്നില്ല. ജീവനക്കാരുടെ പരാതി വ്യാപകമായതിനെതുടർന്ന് ജൂണ്‍ 20നാണ് ലാൻഡ് റവന്യൂ കമീഷണർ കരട് മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഗുരുതര തെറ്റുകള്‍ കരട് ലിസ്റ്റില്‍ കണ്ടതിനെതുടർന്ന് ഏകദേശം 750 പരാതികളാണ് വിവിധ ജില്ലകളില്‍നിന്നായി കമീഷണർക്ക് ലഭിച്ചത്. അപ്പീല്‍ നല്‍കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആയിരുന്നു. അപാകതകള്‍ പരിഹരിച്ച് അന്തിമ മുൻഗണന പട്ടിക പുറത്തിറക്കാൻ റവന്യൂ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്തിമ മുൻഗണന പട്ടിക പുറത്തിറക്കിയാല്‍ മാത്രമേ സ്ഥലം മാറ്റ പട്ടിക പുറത്തിറക്കാനും കഴിയൂ.
കഴിഞ്ഞ ഫെബ്രുവരി 20നാണ് പൊതുസ്ഥലംമാറ്റത്തിന് ലാൻഡ് റവന്യൂ കമീഷണർ സർക്കുലർ ഇറക്കിയത്. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പ് കാരണം സമയക്രമത്തില്‍ മാറ്റം വരുത്തി ഏപ്രില്‍ 30ന് പുതിയ സർക്കുലർ ഇറക്കുകയായിരുന്നു. ജൂണ്‍ 30ന് അന്തിമ കരട് പ്രസിദ്ധീകരിക്കുമെന്നാണ് സർക്കുലറില്‍ അറിയിച്ചിരുന്നത്. നിലവില്‍ നിരവധി താലൂക്ക് തഹസില്‍ദാർമാരുടെ അടക്കം ഒഴിവുകള്‍ നികത്താനുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റിയത് അതേപടി നില്‍ക്കുകയാണ്.
മഴക്കാലമായതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളും മറ്റും ഏകോപിപ്പിക്കേണ്ട ഉദ്യോഗസ്ഥരുടെ അഭാവം പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കാൻ ഇടയുണ്ടെന്ന് ജീവനക്കാർ പറയുന്നു.
സാധാരണ സ്കൂള്‍ തുറക്കുന്നതിന് മുമ്ബായി സ്ഥലംമാറ്റ നടപടികള്‍ പൂർത്തിയാക്കാറുണ്ടെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങാത്തതുകാരണം പ്രമോഷൻ നടപടികളും നീളുകയാണ്. മാർച്ച് 31നാണ് അവസാനമായി പ്രമോഷൻ പട്ടിക ഇറങ്ങിയത്. മേയ് 31ന് കൂട്ട വിരമിക്കല്‍ ഉണ്ടായതോടെ നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ പ്രമോഷനന്റെ ഭാഗമായി അതത് ജില്ലകളിലെ നിരവധി ഉദ്യോഗസ്ഥരെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി ഒരുവർഷം കഴിഞ്ഞു. ഇവരുടെയല്ലാം സ്ഥലം മാറ്റവും പ്രമോഷനും അനിശ്ചിതത്വത്തിലാണ്.
ഭരണാനുകൂല സംഘടനയും ലാൻഡ് റവന്യൂ കമീഷണറും തമ്മിലുള്ള തർക്കമാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങാൻ വൈകുന്നതിന്റെ കാരണമെന്ന് ആരോപണമുണ്ട്. അനർഹരായ നിരവധിപേരെ പട്ടികയില്‍ ഉള്‍പ്പെടുത്താൻ ഭരണാനുകൂല സംഘടന വ്യാപകമായി ഇടപെട്ടുവെന്നും ഇതിന് കമീഷണർ വഴങ്ങാത്തതാണ് ഉത്തരവിറങ്ങാൻ കാലതാമസമുണ്ടാകുന്നതെന്നാണ് ആരോപണം. സ്ഥലം മാറ്റ, പ്രമോഷൻ പട്ടികകള്‍ മാസങ്ങളായിട്ടും പുറത്തിറക്കാൻ കഴിയാത്തതിനെതിരെ ജീവനക്കാർക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.