ഇന്ന് ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യം ഇന്ന് രാഷ്‌ട്രീയ ഏകതാ ദിനമായി ആഘോഷിക്കുന്നു.ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. തുടർന്ന് ഏകതാ ദിവസം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഒൻപത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 സംഘങ്ങള്‍, യൂണിയൻ ടെറിട്ടറി പൊലീസ്. നാല് സായുധ പൊലീസ് സേനകള്‍, നാഷണല്‍ കേഡറ്റ് കോർപ്സ്, മാർച്ചിംഗ് ബാൻഡ് എന്നിവ ഉള്‍പ്പെടുന്ന അകതാ ദിവസം പരേഡിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. ഇന്ത്യൻ വ്യോമസേനയുടെ ‘സൂര്യ കിരണ്‍’ ഫ്ലൈപാസ്റ്റും ഉണ്ടായിരിക്കും. ബിഎസ്‌എഫ്, സിആർപിഎഫ് പുരുഷ-വനിതാ ബൈക്കർമാരുടെ ഡെയർഡെവിള്‍ ഷോ, ബിഎസ്‌എഫിന്റെ ഇന്ത്യൻ ആയോധന കലകളുടെ പ്രദർശനം, സ്കൂള്‍ കുട്ടികളുടെ പൈപ്പ് ബാൻഡ് പ്രകടനം എന്നിവയും ഉണ്ടാകും.എല്ലാവർക്കും ഐക്യത്തോടെ ജീവിക്കാൻ കഴിയണമെന്നായിരുന്നു സർദാർ വല്ലഭായ് പട്ടേലിന്റെ കാഴ്ചപ്പാട്. ഇന്ത്യയുടെ പുരോഗതിക്കും വികസനത്തിനും ഐക്യം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചയിലും പ്രധാന പങ്ക് വഹിച്ച അദ്ദേഹത്തോടുള്ള ആദരസൂചകമായി 2014 മുതല്‍ മോദി സർക്കാരാണ് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ഏകതാദിവസമായി ആചരിക്കാൻ തീരുമാനിച്ചത്.