രണ്ടുമാസത്തിനിടെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഇരുനൂറോളം മോഷണങ്ങള്‍ നടത്തിയ കൊല്ലം ശൂരനാട് തെക്കേമുറിയില്‍ കുഴിവിള വടക്കതില്‍ സുബൈർ (പക്കി സുബൈർ-51) മാവേലിക്കര പോലീസിന്റെ പിടിയില്‍.
ഞായറാഴ്ച പുലർച്ചെ ചെട്ടികുളങ്ങര ഈരേഴ തെക്ക് മേഖലയിലെ മോഷണശ്രമത്തിനുശേഷം റെയില്‍വേ ട്രാക്കിലൂടെ വന്ന സുബൈറിനെ വൻ പോലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഓടിച്ചിട്ടുപിടികൂടി. രണ്ടുവർഷംമുൻപും മാവേലിക്കര പോലീസ് ഇയാളെ പിടികൂടിയിരുന്നു. മാവേലിക്കര റെയില്‍വേ സ്റ്റേഷൻ ഭാഗത്തേക്ക് സുബൈർ നടന്നുവരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പോലീസ് നടപടി.
മാവേലിക്കര, ഹരിപ്പാട്, അമ്ബലപ്പുഴ, കരീലക്കുളങ്ങര, നൂറനാട്, വള്ളികുന്നം, കരുനാഗപ്പളളി, ശാസ്താംകോട്ട തുടങ്ങിയ സ്ഥലങ്ങളിലെ കടകളുടെയും കാണിക്കവഞ്ചികളുടെയും പൂട്ട് കുത്തിത്തുറന്നായിരുന്നു മോഷണങ്ങളിലധികവും. അടിവസ്ത്രംമാത്രം ധരിച്ച് മോഷണംനടത്തുന്ന ഇയാള്‍ അതിവൈദഗ്ധ്യത്തോടെയാണ് പൂട്ടു തകർത്തിരുന്നത്.
രണ്ടുമാസമായി ആലപ്പുഴ ജില്ലയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ മോഷണങ്ങളെത്തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി. കെ.എൻ. രാജേഷിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം ഊർജിതമാക്കിയിരുന്നു. പല സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
സുബൈർ വരാൻസാധ്യതയുള്ള സ്ഥലങ്ങളും കടകളും പോലീസ് നിരീക്ഷണത്തിലായിരുന്നു. മോഷണത്തിനു തീവണ്ടിമാർഗമാണ് സുബൈർ എത്തുന്നതെന്നു മനസ്സിലാക്കിയ പോലീസ്, വിവിധ റെയില്‍വേ സ്റ്റേഷനുകളും തീവണ്ടികളും കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു.
മാവേലിക്കര എസ്.എച്ച്.ഒ. ഇ. നൗഷാദ്, എസ്.ഐ.മാരായ എം.എസ്. അനില്‍, അജിത്ത് ഖാൻ, എം.എസ്. എബി, നിസ്സാറുദ്ദീൻ, വി.എസ്. രമേഷ്, ഐ. റിയാസ്, സീനിയർ സി.പി.ഒ.മാരായ വിനോദ്, നോബിള്‍, പ്രദീപ്, രാജേഷ്, സി.പി.ഒ.മാരായ രതീഷ്, സിയാദ്, ബോധിൻ, ജവഹർ, അനന്തമൂർത്തി, അജീഷ്, കാർത്തിക് മോഹൻ, സലാഹുദീൻ, ശരവണൻ, മധുകിരണ്‍, സുകേശൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വലവിരിച്ച് പോലീസ്
പക്കി സുബൈർ പോലീസിനു തലവേദനയായതോടെ ഇയാളെ പിടികൂടാൻ പോലീസ് മാവേലിക്കര റെയില്‍വേ സ്റ്റേഷനു സമീപം താത്കാലിക ക്യാമ്ബ് തുടങ്ങി. റെയില്‍വേ സ്റ്റേഷനില്‍നിന്നു പവർഹൗസ് ജങ്ഷനിലേക്കുള്ള റോഡരികിലെയും സ്റ്റേഷനു കിഴക്ക് എഫ്.സി.ഐ. റോഡരികിലെയും കുറ്റിക്കാടുകളില്‍ മഫ്തിയിലുള്ള പോലീസ് രാത്രി 12-നുശേഷം മണിക്കൂറുകളോളം പതിയിരുന്നു. പോലീസിന്റെ ജീപ്പ് മറുതാക്ഷി ക്ഷേത്രത്തിനുപിന്നിലുള്ള സ്ഥലത്ത് ആരും കാണാത്തവിധം ഒളിപ്പിച്ചിട്ടു.
റെയില്‍വേ സ്റ്റേഷൻ ജീവനക്കാർക്കും ഗേറ്റ് കീപ്പർമാർക്കും ഗ്യാങ് മാന്മാർക്കും പക്കി സുബൈറിന്റെ ഫോട്ടോയും വിവരങ്ങളും നല്‍കി. ചെട്ടികുളങ്ങര മുതല്‍ കുന്നംവരെ മാവേലിക്കര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള റെയില്‍വേ ട്രാക്കിന്റെ സമീപത്തേക്കെത്തുന്ന റോഡുകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇങ്ങനെ ദിവസങ്ങള്‍നീണ്ട പരിശ്രമത്തിനൊടുവിലാണ് മാവേലിക്കര പോലീസിന് വീണ്ടും പക്കി സുബൈറിനെ പിടികൂടാനായത്.
പോലീസിന് ആശ്വാസം…
ഹരിപ്പാട് : പക്കി സുബൈർ ഒന്നര മാസത്തിനിടെ ഹരിപ്പാട്, ചേപ്പാട്, കരുവാറ്റ എന്നിവിടങ്ങളിലായി നടത്തിയത് ഒട്ടേറെ മോഷണങ്ങള്‍. ജൂണ്‍ ആദ്യം ചേപ്പാട്ടായിരുന്നു തുടക്കം. പിന്നാലെ, ഹരിപ്പാട് ആർ.കെ. ജങ്ഷനിലും അരണപ്പുറത്തും കരുവാറ്റയിലും മോഷണം നടത്തി. തുടർന്ന്, രണ്ടുപ്രാവശ്യമായി ചേപ്പാട്ടെ കടകളിലും വീടുകളിലും പക്കി സുബൈർ കയറി. മുപ്പതോളം മോഷണങ്ങളും മോഷണശ്രമങ്ങളുമാണ് ഹരിപ്പാട് മേഖലയില്‍ ഇയാള്‍ നടത്തിയിട്ടുള്ളത്.
ജൂണ്‍ ആറിന് ചേപ്പാട് ജങ്ഷനിലെ ദൈവപ്പുരയ്ക്കല്‍, ചൈതന്യ എന്നീ കടകളിലാണ് ആദ്യം മോഷണം നടന്നത്. സമീപത്തെ ചില വീടുകളില്‍ മോഷണശ്രമം നടന്നു. പക്കി സുബൈറാണ് ഇതിനുപിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍, ഒരാഴ്ചയ്ക്കുശേഷം ഹരിപ്പാട് ആർ.കെ. ജങ്ഷനിലെ രണ്ടു കടകളിലും അരണപ്പുറത്തെ ഏതാനും വീടുകളിലും മോഷണംനടന്നപ്പോള്‍ പക്കി സുബൈറാണ് മോഷ്ടാവെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇയാള്‍ മോഷണം നടത്തുന്നതിന്റെയും തുടർന്ന്, ആർ.കെ. ജങ്ഷനില്‍നിന്നു കിഴക്കോട്ടുള്ള റോഡിലൂടെ പോകുന്നതിന്റെയും വ്യക്തമായ സി.സി.ടി.വി. ദൃശ്യങ്ങള്‍ കിട്ടി. അടുത്തദിവസം കരുവാറ്റയില്‍ കടകളിലും വീടുകളിലുമായി ഏഴിടത്താണ് പക്കി സുബൈർ മോഷണവും മോഷണശ്രമവും നടത്തിയത്.
ഇതോടെ ഹരിപ്പാട്ടെയും കരീലക്കുളങ്ങരയിലെയും പോലീസ് ഉദ്യോഗസ്ഥർ ജാഗ്രതയിലായി. റെയില്‍വേ സ്റ്റേഷൻ പരിസരങ്ങളില്‍ രാത്രിമുഴുവൻ പോലീസ് ഉദ്യോഗസ്ഥർ കാത്തിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ചിത്രങ്ങള്‍ കൈമാറി. രാത്രിയിലെ തീവണ്ടിയിലെത്തി മോഷ്ടിക്കുന്ന രീതിയും ട്രാക്കിലൂടെ ദീർഘദൂരംനടക്കുന്ന പതിവുമെല്ലാം റെയില്‍വ ഉദ്യോഗസ്ഥരുടെ സഹായംതേടാൻ പോലീസിനെ പ്രേരിപ്പിച്ച ഘടകങ്ങളാണ്. ഇങ്ങനെ പരിശോധന തുടരുന്നതിനിടെ ചേപ്പാട്ട് വീണ്ടും മോഷണം നടന്നു. ഏവൂർ പടിഞ്ഞാറെ നടയിലെ അനന്തു സ്റ്റോറിലും അടുത്തുള്ള കടകളിലുമായിരുന്നു സംഭവം. അനന്തുസ്റ്റോറില്‍നിന്ന് 15,000 രൂപ നഷ്ടപ്പെട്ടു.
ഇല്ലത്തു തെക്കതില്‍ ഉണ്ണിക്കൃഷ്ണൻ നായരുടെ കടയില്‍ മോഷണശ്രമം നടന്നു. ചേപ്പാട് റെയില്‍വേ സ്റ്റേഷനടുത്താണ് ഈ സ്ഥാപനങ്ങള്‍. ജൂലായ് ഏഴിനു പുലർച്ചെയാണ് പക്കി സുബൈർ വീണ്ടും ചേപ്പാട്ട് ഇറങ്ങുന്നത്. ദേശീയപാതയോരത്ത് വാസുദേവ ബില്‍ഡിങ്സില്‍ പ്രവർത്തിക്കുന്ന ആറു കടകളിലും തൊട്ടടുത്തുള്ള വർക്ഷോപ്പിലുമായിരുന്നു ഇയാള്‍ കടന്നുകയറിയത്. എല്ലായിടത്തും പൂട്ടുതകർത്തായിരുന്നു മോഷണം. കെ.എസ്. മെഡിക്കല്‍ സ്റ്റോറിലെ സി.സി.ടി.വി. ക്യാമറ തല്ലിത്തകർത്തിരുന്നു.
രാത്രികാലപരിശോധന ശക്തമാക്കിയിട്ടും പ്രതി മോഷണം തുടരുന്നത് പോലീസിനു വലിയ തലവേദനയായിരുന്നു. ചേപ്പാട്ടും ഹരിപ്പാട്ടും റെയില്‍വേ സ്റ്റേഷൻ പരിസരം കാടുപിടിച്ചനിലയിലാണ്. പക്കി സുബൈർ ഇത്തരം കാടുകളില്‍ ഒളിക്കാൻ വിദഗ്ധനാണ്. ഇതിനാല്‍ പോലീസുദ്യോഗസ്ഥർ പല സംഘങ്ങളായി തിരിഞ്ഞ് സ്റ്റേഷൻ പരിസരത്തും ട്രാക്കിലുമായി രാത്രിമുഴുവൻ പരിശോധനയിലായിരുന്നു.
സഹായകരമായി ഹരീഷിന്റെ ഇടപെടല്‍…
മാവേലിക്കര : കുപ്രസിദ്ധ മോഷ്ടാവ് പക്കി സുബൈറിനെ കുടുക്കാൻ മാതൃഭൂമി ളാഹ ജങ്ഷൻ ഏജന്റ് ഈരേഴ തെക്ക് വൻമേലില്‍ മുറിയില്‍ ഹരീഷ്കുമാറി(50)ന്റെ സമയോചിത ഇടപെടല്‍ സഹായകരമായി.
ശനിയാഴ്ച രാത്രിയില്‍ ഈരേഴ തെക്ക് 14-ാം നമ്ബർ എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസമുച്ചയത്തിലാണ് പക്കി മോഷണത്തിനായി ആദ്യമെത്തിയത്. ഇവിടെയുള്ള അമ്മ ഓണ്‍ലൈൻസ്, ലക്ഷ്മി അസോസിയേറ്റ്സ്, രാജപ്പൻ സ്റ്റോഴ്സ് എന്നിവയുടെ പൂട്ട് കുത്തിത്തുറന്നെങ്കിലും പണം നഷ്ടപ്പെട്ടില്ല. പിന്നീട് ചെട്ടികുളങ്ങര ആല്‍ത്തറമുക്കിനു സമീപം വീടിനോടു ചേർന്ന് ബേക്കറി നടത്തുന്ന ജിൻസന്റെ വീടിന്റെ സിറ്റൗട്ടില്‍ പക്കി എത്തി.
ജിൻസന്റെ മൊബൈലില്‍ അലാറം മുഴങ്ങിയതോടെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോള്‍ പുറത്ത് ഒരാള്‍ നില്‍ക്കുന്നതു കണ്ടു. ജിൻസൻ ബഹളംവെച്ചതോടെ പക്കി മുങ്ങി. ജിൻസൻ സമീപവാസിയായ അനിയൻ എന്നയാള്‍ക്ക് വിവരം കൈമാറി. അനിയനാണ് ളാഹ റെയില്‍വേ ക്രോസിനു സമീപം താമസിക്കുന്ന ഹരീഷ്കുമാറിനെ വിവരമറിയിച്ചത്. അപ്പോള്‍ സമയം പുലർച്ചെ രണ്ടോടടുത്തിരുന്നു.
പത്രവിതരണത്തിനു പോകാനുള്ള ഒരുക്കത്തിലായിരുന്ന ഹരീഷ്, ശബ്ദംകേട്ട് ജനാലയുടെ കർട്ടൻ മാറ്റി നോക്കിയപ്പോള്‍ ഒരാള്‍ പെൻടോർച്ച് കടിച്ചുപിടിച്ച് മുറ്റത്തിരുന്ന സ്കൂട്ടറിന്റെ സീറ്റു കുത്തിത്തുറക്കുന്നതു കണ്ടു. ആരാണെന്നു ചോദിച്ച് ഹരീഷ് പുറത്തിറങ്ങിയപ്പോഴേക്കും പെൻടോർച്ചും ഒരു പാക്കറ്റ് സിഗരറ്റും റോഡിലുപേക്ഷിച്ച് അജ്ഞാൻ ലെവല്‍ക്രോസിനു സമീപത്തേക്ക് ഓടി. ഹരീഷും പിന്നാലെ ഓടിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല.
ഇയാള്‍ റെയില്‍വേ ട്രാക്കിലൂടെ വടക്കോട്ട് ഓടുന്നതു കണ്ട ഹരീഷ് ഗേറ്റ് കീപ്പറെ വിവരമറിയിച്ചു. തുടർന്ന് ഇരുവരും ചേർന്ന് മാവേലിക്കര പോലീസ് സ്റ്റേഷനിലേക്കു വിവരം കൈമാറി. എസ്.ഐ.യും പോലീസുകാരും താമസിയാതെ സ്ഥലത്തെത്തി.
ഹരീഷ് പറഞ്ഞ വിവരങ്ങള്‍ വെച്ച് രക്ഷപ്പെട്ടത് പക്കി സുബൈർ ആണെന്ന് പോലീസ് ഉറപ്പിച്ചു. സുബൈർ ട്രാക്കിലൂടെ നടന്ന് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴേക്കും അവിടെ കാത്തുനിന്ന വൻ പോലീസ് സംഘം വളഞ്ഞു. രക്ഷപ്പെടാൻ സുബൈർ അവസാനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാളുകളായി പോലീസ് തിരയുന്ന അന്തർജില്ലാ മോഷ്ടാവ് പക്കി സുബൈറാണ് വീട്ടിലെത്തിയതെന്ന് ഞായറാഴ്ച രാവിലെയാണ് മനസ്സിലായതെന്ന് ഹരീഷ്കുമാർ പറഞ്ഞു.