രാജ്യത്തിന്‍റെ റെയിൽ ഭൂപടത്തിലേക്ക് കശ്മീരും

കശ്മീരിനെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയ്‌ൽ പാതയിലൂടെ 22 ബോഗികളുള്ള ട്രെയ്‌ൻ പരീക്ഷണ ഓട്ടം പൂർത്തിയാക്കി

ജമ്മു: കശ്മീരിനെ രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റെയ്‌ൽ പാതയിലൂടെ 22 ബോഗികളുള്ള ട്രെയ്‌ൻ പരീക്ഷണ ഓട്ടം പൂർത്തിയാക്കി. 18 എസി കോച്ചുകളും രണ്ടു ലഗേജ് വാനുകളും രണ്ട് എൻജിനുകളുമുള്ള ട്രെയ്‌ൻ ഞായറാഴ്ച രാവിലെ എട്ടിന് കത്രയിൽ നിന്നു പുറപ്പെട്ടു. നാലു മണിക്കൂറിനുശേഷം ശ്രീനഗറിലെത്തി.

പുതുതായി നിർമിച്ച ബ്രോഡ്ഗേജ് പാതയ്ക്ക് വടക്കൻ മേഖലാ റെയ്‌ൽവേ സുരക്ഷാ കമ്മിഷണർ ദിനേശ് ചന്ദ് ദേശ്‌വാൾ പച്ചക്കൊടി കാട്ടി ആറു ദിവസം പിന്നിടുമ്പോഴാണ് കത്രയ്ക്കും ശ്രീനഗറിനുമിടയിൽ ആദ്യ പരീക്ഷണ ഓട്ടം. മണിക്കൂറിൽ പരമാവധി 85 കിലോമീറ്ററും ലൂപ്പ്‌ ലൈനുകളിൽ 15 കിലോമീറ്ററുമാണ് നിലവിൽ അനുവദിച്ചിരിക്കുന്ന വേഗം.

കശ്മീരിലേക്ക് റെയ്‌ൽ പാത സാധ്യമാക്കുകയെന്ന ലക്ഷ്യത്തിൽ 1997ൽ ആരംഭിച്ച നടപടികളാണ് ഇതോടെ സഫലമായത്. ദുർഘടമായ ഭൂമിശാസ്ത്രത്തിനും പ്രതികൂല കാലാവസ്ഥയ്ക്കുമൊപ്പം ഭീകരത ഉയർത്തുന്ന കനത്ത വെല്ലുവിളികളെ മറികടന്നാണ് റെയ്‌ൽ പാത പൂർത്തിയാക്കിയത്.

സുരക്ഷാ കാരണങ്ങളാൽ പകൽ മാത്രമായിരിക്കും ഈ റൂട്ടിൽ സർവീസ്. ശ്രീനഗറിലേക്കുള്ള യാത്രക്കാർക്ക് കത്രയിൽ പ്രത്യേക പരിശോധനയുണ്ടാകും. തത്കാലം ഡൽഹിയിൽ നിന്നു ശ്രീനഗറിലേക്കും തിരിച്ചും നോൺസ്റ്റോപ് ട്രെയ്‌നുകൾ ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *