തിരുവനന്തപുരം
പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദി: പി വി അന്‍വര്‍
കേരളത്തിലെ ജനങ്ങള്‍ക്കും പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്
എംഎല്‍എ സ്ഥാനം രാജിവെച്ചതായി പി വി അന്‍വര്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് എംഎല്‍എ പദവി ഒഴിഞ്ഞതെന്നും അൻവർ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്നും ഇന്‍ഡ്യാസഖ്യവുമായി ചര്‍ച്ച ചെയ്യാമെന്നും മമത ഉറപ്പ് നല്‍കിയതായി അന്‍വര്‍ പറഞ്ഞു. സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്.
കേരളത്തിലെ ജനങ്ങള്‍ക്കും പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാന്‍ അവസരം നല്‍കിയ ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. 11-ാം തീയതി സ്പീക്കര്‍ക്ക് ഇമെയില്‍വഴി രാജി കൈമാറിയിരുന്നുവെന്നും സ്വന്തം കൈപ്പടയില്‍ എഴുതിയ കത്താണ് ഇന്ന് സ്പീക്കര്‍ക്ക് കൈമാറിയതെന്നും അന്‍വര്‍ പറഞ്ഞു.
രാജിവെക്കണം എന്ന ഉദ്ദേശത്തോടെയല്ല കൊല്‍ക്കത്തയിലേക്ക് പോയത്. തൃണമൂല്‍ നേതൃത്വവുമായും മമതാ ബാനര്‍ജിയുമായും സംസാരിച്ചു. നമ്മുടെ നാട് നേരിടുന്ന വന്യജീവി ആക്രമണത്തെക്കുറിച്ച് മമതയെ ധരിപ്പിച്ചു. ഇക്കാര്യത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്നും അറിയിച്ചു. പാര്‍ട്ടിയുമായി സഹകരിച്ച് പോകാന്‍ തീരുമാനിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും ഇന്‍ഡ്യാ മുന്നണിയുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഉറപ്പ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അറിയിച്ചു. എംഎല്‍എ എന്ന നിലയില്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതില്‍ നിയമതടസ്സമുണ്ടായിരുന്നു. അങ്ങനെയാണ് രാജിവെച്ചത്. മമതയുടെ നിര്‍ദേശപ്രകാരമാണ് രാജി. എംഎല്‍എ സ്ഥാനം മലയോരജനതയ്ക്ക് സമര്‍പ്പിക്കണമെന്ന് മമത പറഞ്ഞുവെന്നും അന്‍വര്‍ വ്യക്തമാക്കി.