രണ്ടുപേര്‍ പ്രണയം നടിച്ചത് ഒരു പെണ്‍കുട്ടിയോട്; നഗ്നചിത്രം പകര്‍ത്തി ഭീഷണി, ഇരട്ടകള്‍ അറസ്റ്റില്‍

 പ്രണയം നടിച്ച്‌ വീഡിയോ കോള്‍ വഴി യുവതിയുടെ നഗ്നചിത്രം പകർത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ഇരട്ടസഹോദരങ്ങളെ എടക്കര പോലീസ് അറസ്റ്റ് ചെയ്തു.

കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് പിടിയിലായത്.

നിലമ്ബൂർ ചന്തക്കുന്നില്‍ വാടകയ്ക്ക് താമസിക്കുന്നതിനിടയില്‍ പരിചയപ്പെട്ട യുവതിയോട് ഹസൈനാരാണ് ആദ്യം പ്രണയം നടിച്ചത്. തുടർന്ന് സഹോദരങ്ങള്‍ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയില്‍ ഹുസൈനുമായും യുവതി പരിചയത്തിലായി. തുടർന്ന് ഹുസൈനും യുവതിയോട് മൊബൈല്‍ഫോണ്‍ വഴി പ്രണയാഭ്യർഥന നടത്തി. തുടർന്ന് സഹോദരങ്ങള്‍ ചേർന്ന് യുവതിയെ പ്രലോഭിപ്പിച്ച്‌ രാത്രിയില്‍ വീഡിയോ കോള്‍ വഴി നഗ്നചിത്രം പകർത്തുകയും തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കും വീട്ടുകാർക്കും വീഡിയോ അയച്ചുകൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി ബന്ധത്തില്‍നിന്ന് പിൻമാറി. ഇതിന്റെ വിരോധത്തിലാണ് നഗ്നദൃശ്യം പ്രചരിപ്പിച്ചത്.

ഇൻസ്പെക്ടർ എൻ.ബി. ഷൈജു, എ.എസ്.ഐ. ഷാജഹാൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ സാബിറലി, അരുണ്‍കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *