യെമൻ വിമാനത്താവളത്തില്‍ ആക്രമണം; ലോകാരോഗ്യ സംഘടന തലവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

യെമനിലെ സന അന്താരാഷ്ട്രവിമാനത്താവളത്തിനു നേരേ ഇസ്രയേലി സേന നടത്തിയ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.

ഹൂതി കേന്ദ്രങ്ങള്‍ക്കു നേരേ നടത്തിയ ആക്രമണങ്ങളുടെ ഭാഗമായി ആണ് വിമാനത്താവളവും ഇസ്രയേല്‍ ആക്രമിച്ചത്.

ആക്രമണം നടക്കുമ്ബോള്‍ ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസും സംഭവ സ്ഥലത്തുണ്ടായിരുന്നു. ടെഡ്രോസ് അദാനോം വിമാനത്തില്‍ കയറാനായി തയ്യാറെടുത്ത് നില്‍ക്കെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. തലനാരിഴയ്ക്ക് ആണ് അദ്ദേഹം രക്ഷപെട്ടത്. ആക്രമണത്തില്‍ വിമാനത്തിലെ ഒരു ക്രൂ ജീവനക്കാരന് പരുക്കേറ്റിട്ടുണ്ട്.

ആക്രമണം നടന്ന കാര്യം ടെഡ്രോസ് തന്നെ സോഷ്യല്‍ മീഡിയ വഴി സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിന് വിധേയനായപ്പോള്‍ വിമാനത്താവളത്തില്‍ വിമാനത്തില്‍ കയറാൻ പോകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ജീവനക്കാരന് പരുക്കേറ്റതായും രണ്ട് പേരെങ്കിലും വിമാനത്താവളത്തില്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു. ഹൂതികള്‍ തടവിലാക്കിയ യുഎൻ ജീവനക്കാരെ മോചിപ്പിക്കുന്നതിനും മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനുമാണ് താൻ യെമനിലെത്തിയതെന്ന് ടെഡ്രോസ് പറഞ്ഞു.

സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായി യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. സിവിലിയൻ കേന്ദ്രങ്ങള്‍ക്കു നേരേ നടത്തുന്ന ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നത് അറിഞ്ഞുകൊണ്ടാണോ ആക്രമണമെന്ന് ചോദ്യത്തിനോട് ഇസ്രലേയി സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *