നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തില്‍ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.
ഇത് അമിതമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കും നയിക്കും.
സന്ധികളുടേയും വൃക്കകളുടേയും ആരോഗ്യം നഷ്ടപ്പെടുകയും ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങിയ പ്രശ്‌നങ്ങളിലേയ്ക്കും ഇത് നയിക്കും. യൂറിക് ആസിഡ് കുറയ്ക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.
1. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള്‍ സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്തു രാവിലെയും രാത്രിയും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കും. പ്രകൃതിദത്തമായ ഡിടോക്സിഫയര്‍ (detoxifier) ആണ് ഇത്.
2. രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെറുചൂടു വെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞ് കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. അസിഡിറ്റി ഉള്ളവർ ആഹാരത്തിനു ശേഷം ഇത് കുടിക്കുക.
3. യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം 10-40 ചെറികള്‍ വരെ കഴിക്കുന്നത് നല്ലതാണ്.
4. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച്, രാവിലെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നതിന് ശരീരം ഹൈഡ്രേറ്റ് ആയിരിക്കണം.
5. യൂറിക് ആസിഡ് കുറയ്ക്കാൻ ശരീരഭാരം നിയന്ത്രിക്കുക. വണ്ണമുള്ളവർ 10-15% അവരുടെ തൂക്കം കുറയ്ക്കുമ്ബോള്‍ യൂറിക് ആസിഡ് കുറയും. വ്യായാമം ചെയ്തു ആഹാരം നിയന്ധ്രിച്ചു യൂറിക് ആസിഡ് കുറയ്ക്കണം.
6. വിവിധയിനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മദ്യം, ബ്രഡ്, കേക്ക് ഇവ പ്രധാനമായും ഒഴിവാക്കണം.
7. മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, അവയവ മാംസങ്ങളായ കരള്‍, കിഡ്നി, ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം.
8. മത്സ്യങ്ങളില്‍ ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളില്‍ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവർ മുതലായവയും ഒഴിവാക്കുക.
9. കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവല്‍ പഴം,കറുത്ത ചെറി, ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, നാരങ്ങ, റാഗി, നാരുകള്‍ അടങ്ങിയതും ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് ശമിപ്പിക്കാൻ സഹായിക്കുന്നു. പൈൻആപ്പിളും വളരെ നല്ലതാണ്.
10. യൂറിക് ആസിഡ് രക്തത്തില്‍ കൂടാനുണ്ടായ കാരണം കണ്ടെത്തി ശരിയാക്കുക. രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവയും നിയന്ത്രിക്കണം.