ഒരിടവേളയ്ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയൻ ഓഫീസിലെ ക്രൂരമായ മർദനങ്ങള്‍ വീണ്ടും പുറത്തുവരുന്നു.
എസ്.എഫ്.ഐ. പ്രവർത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ചതാണ് ഇപ്പോഴത്തെ സംഭവം.
വർഷങ്ങള്‍ക്ക് മുൻപ് ഈ ഇടിമുറിയിലെ അതിക്രമങ്ങള്‍ പുറത്ത് വന്നതോടെ പാർട്ടി ഇടപെട്ടെങ്കിലും ഇപ്പോഴും യൂണിവേഴ്സിറ്റി കോളേജില്‍ ഇത്തരം ക്രൂരതകള്‍ക്ക് കുറവില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്. ഭിന്നശേഷിക്കാരനായ പൂവച്ചല്‍ പെരുംകുളം മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസിനാണ് എസ്.എഫ്.ഐ. നേതാക്കളുടെ മർദനം നേരിടേണ്ടിവന്നത്.
രണ്ട് കാലിലും വിരലുകളില്ലാത്ത ഇടത്തേക്കാലിന് സ്വാധീനം കുറവുള്ള, നടക്കുമ്ബോള്‍ മുടന്തുള്ള വിദ്യാർഥിയാണ് അനസ്. തിങ്കളാഴ്ച വൈകീട്ട് 3.30-ഓടെയാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ. നേതാക്കള്‍ അനസിനെ മർദിച്ചത്.
മർദനം അതിരു വിട്ടതോടെയാണ് അനസ് പോലീസിനെ സമീപിച്ചത്. നാട്ടില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റംഗമാണ്. എസ്.എഫ്.ഐ.യുടെ കോളേജിലെ ഡിപ്പാർട്ട്മെന്റ് യൂണിറ്റംഗവുമാണ് അനസ്.
കാല് വയ്യാത്ത അനസിനെ കോളേജിലെ യൂണിറ്റ് നേതാക്കള്‍ കൊടികെട്ടാനും മറ്റ് ജോലികള്‍ക്കും നിയോഗിക്കുമായിരുന്നു. പണം പിരിച്ച് നല്‍കുകയും വേണം. ഇതില്‍നിന്ന് ഒഴിഞ്ഞു മാറിയതോടെയാണ് യൂണിയൻ ഓഫീസില്‍ വിളിച്ചുവരുത്തി മർദനം തുടങ്ങിയത്.
ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തെങ്കിലും മർദനത്തിന് നേതൃത്വം നല്കിയ എസ്.എഫ്.ഐ. നേതാക്കള്‍ യൂണിയൻ ഓഫീസില്‍ തന്നെ കഴിയുന്നു.
എസ്.എഫ്.ഐ. നേതാക്കളെപ്പേടിച്ച് മർദനമേറ്റ മുഹമ്മദ് അനസ് ബുധനാഴ്ചയും കോളേജില്‍ പോയില്ല. മർദനത്തില്‍ തലയ്ക്കും ശരീരത്തിലും ക്ഷതമേറ്റിട്ടുമുണ്ട്.
പാർട്ടി ഒപ്പമുണ്ടെന്നും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നുമാണ് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി, അനസിനോട് പറഞ്ഞത്. എന്നാല്‍ ഇതുവരെ സംഭവത്തില്‍ നടപടിയെടുക്കാൻ എസ്.എഫ്.ഐ. നേതൃത്വം തയ്യാറായിട്ടില്ല. പാർട്ടിയും എസ്.എഫ്.ഐ.യുമല്ല തങ്ങളാണ് കോളേജിനുള്ളിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നാണ് യൂണിറ്റ് നേതാക്കള്‍ അനസിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
പോലീസ് കോളേജിലെത്തി തെളിവുകള്‍ ശേഖരിക്കാൻ അനുമതി തേടിയിട്ടുണ്ട്. പരാതിയുടെ രൂക്ഷത മനസിലാക്കി പരാതി ലഭിച്ച ഉടൻ തന്നെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാനുള്ള ശക്തമായ ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.