ഉത്തർപ്രദേശില്‍ ഒമ്ബത് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ആറു സീറ്റുകളില്‍ ഭരണകക്ഷിയായ ബി.ജെ.പിയും മൂന്നു സീറ്റുകളില്‍ ഇൻഡ്യ മുന്നണിയുടെ ഭാഗമായ എസ്.പിയും മുന്നിട്ടുനില്‍ക്കുന്നു.
ബി.ജെ.പിയും എസ്.പിയും നേരിട്ടാണ് മത്സരം. ബി.ജെ.പി സ്ഥാനാർഥികളായ രംവീർ സിങ് കുണ്ഡാർകി മണ്ഡലത്തിലും സഞ്ജീവ് ശർമ ഗാസിയാബാദ് മണ്ഡലത്തിലും ഖായിറില്‍ സുരേന്ദർ ദിലെറും ശിശഹമുവില്‍ സുരേഷ് അശ്വതിയും കത്തേഹരിയില്‍ ധർമരാജ് നിഷാദും മാജ്ഹവാനില്‍ തേദ് പ്രതാപ് സിങ്ങുമാണ് മുന്നേറുന്നത്.
കാർഹാലില്‍ എസ്.പിയുടെ തേജ് പ്രതാപ് യാദവ് മുന്നിലാണ്. ബി.ജെ.പിയുടെ അനുജേഷ് പ്രതാപ് സിങ്ങാണ് രണ്ടാം സ്ഥാനത്ത്. എസ്.പി അധ്യക്ഷനും യു.പി മുൻ മുഖ്യമന്ത്രിയുംമായ അഖിലേഷ് യാദവിന്റെ അനന്തരവനാണ് തേജ് പ്രതാപ്. മെയിൻപുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമായ കർഹാല്‍ എസ്.പിയുടെ ശക്തികേന്ദ്രമാണ്. 1993 മുതല്‍ എസ്.പിയുടെ കോട്ടയാണ് കർഹാല്‍.
കനൗജില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സിറ്റിങ് എം.എല്‍.എയായിരുന്ന അഖിലേഷ് യാദവ് രാജിവെച്ചതിനെ തുടർന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഫുല്‍പുർ മണ്ഡലത്തില്‍ എസ്.പിയുടെ മുഹമ്മദ് മുജ്തബ സിദ്ദീഖിയാണ് മുന്നില്‍. കഴിഞ്ഞ 20നാണ് ഒമ്ബത് മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്നത്