36നും 60നും ഇടയില്‍ പ്രായമുള്ള യു എ ഇ നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ സാധ്യതയുള്ളവരെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം.
സ്വകാര്യ ആരോഗ്യ പരിരക്ഷാ സ്ഥാപന പങ്കാളികളുമായി ചേര്‍ന്ന് മന്ത്രാലയം രാജ്യ വ്യാപക പ്രമേഹ പരിശോധന നടത്തിയിരുന്നു. 18നും 35നും ഇടയില്‍ പ്രായമുള്ള താമസക്കാരില്‍ 24 ശതമാനം പേര്‍ക്ക് സാധ്യതയുണ്ട്. പ്രീ-ഡയബറ്റിക് രോഗനിര്‍ണയം നടത്തിയവരില്‍ 64 ശതമാനം പേരും അമിതഭാരമുള്ളവരല്ല. ശാരീരികമായി ആരോഗ്യമുള്ളതായി തോന്നുന്നവര്‍ പോലും അപകട മേഖലയിലെന്നു ഇത് സൂചിപ്പിക്കുന്നു.
‘യു എ ഇ നിവാസികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഞങ്ങള്‍ ഈ പരിശോധന ആരംഭിച്ചത്. ഇത് ആളുകളെ സ്‌ക്രീനിംഗ് ചെയ്യുന്നതിനും വിടുന്നതിനും മാത്രമല്ല, തുടര്‍ച്ചയായ പരിശോധനയ്ക്കും പ്രേരിപ്പിക്കുന്നു.’ സാംക്രമികേതര രോഗങ്ങളുടെയും മാനസികാരോഗ്യ വിഭാഗത്തിന്റെയും മേധാവി ഡോ. ബുതൈന ബിന്‍ ബിലൈല പറഞ്ഞു. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും 18 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികളെ പരിശോധിക്കണം. 30 വയസ്സിന് താഴെയുള്ളവര്‍ക്ക് പോലും നേരത്തെയുള്ള സ്‌ക്രീനിംഗ് ആവശ്യമാണ്. അവര്‍ പറഞ്ഞു.
സഅബീല്‍ പാര്‍ക്കില്‍ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് യു എ ഇയില്‍ പ്രമേഹത്തിന് മുമ്ബുള്ള ശാരീരികാവസ്ഥയെക്കുറിച്ച് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഡ്രോണ്‍ ഷോയിലൂടെയാണ് സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തിയത്. 2023 ഒക്ടോബറില്‍ 100 ദിവസങ്ങളിലായി 5,000 പേരെ പരിശോധിക്കാന്‍ ലക്ഷ്യമിട്ട വിപുലമായ സ്‌ക്രീനിംഗ് ക്യാമ്ബയിന്‍ 12,877 വ്യക്തികളെ മറികടന്നു.
ഈ സംരംഭത്തിന്റെ വിജയം ഒരു വര്‍ഷത്തിനുള്ളില്‍ 100,000 താമസക്കാരെ പരിശോധിക്കുകയെന്ന വലിയ ലക്ഷ്യത്തിലേക്ക് നയിച്ചു. ഈ വര്‍ഷം 150,000-ലധികം ആളുകളെ പരിശോധിച്ചു. അപകടസാധ്യതയുള്ളതായി കണ്ടെത്തിയവര്‍ക്ക് അവരുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിനുള്ള ഉപദേശം നല്‍കി മൂന്ന് മാസത്തിന് ശേഷം വീണ്ടും പരിശോധിക്കുകയും ചെയ്തു. പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി ആറ് മാസത്തെ ഇടവേളകളില്‍ തുടര്‍ പരിശോധനകള്‍ നടത്തി.
മൂന്ന് മാസത്തിന് ശേഷം ശേഖരിച്ച ഡാറ്റ കാണിക്കുന്നത് 31.7 ശതമാനം വ്യക്തികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കിയെന്നാണ്. 64.6 ശതമാനം പേര്‍ പ്രമേഹത്തിനു തൊട്ടു മുമ്ബുള്ളവരായി തുടരുകയും 3.7 ശതമാനം പേര്‍ പ്രമേഹത്തിലേക്ക് പുരോഗമിക്കുകയും ചെയ്തു.