യുവാവിന്റെ മരണം കൊലപാതകം; മര്‍ദിച്ചത് അമ്മാവനും മക്കളും, മൂന്നുപേരും പിടിയില്‍

ഇടയം സ്വദേശി ഉമേഷിന്റെ മരണം കൊലപാതകമെന്നു തെളിഞ്ഞതിനെത്തുടർന്ന് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇടയം നിതിൻഭവനില്‍ ദിനകരൻ (59), മക്കളായ നിതിൻ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഉമേഷിന്റെ അമ്മാവനും മക്കളുമാണ്.

ഇടയം ഉദയഭവനില്‍ ഉമേഷ് (45) ജൂണ്‍ 16-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. മർദനമേറ്റതാണ് മരണകാരണമെന്ന് മൃതദേഹപരിശോധനാ റിപ്പോർട്ടില്‍ വ്യക്തമായതിനെ തുടർന്നാണ് കഴിഞ്ഞദിവസം പോലീസ് ദിനകരനെയും മക്കളെയും കസ്റ്റഡിയിലെടുത്തത്.

പോലീസ് പറയുന്നത്: ഉമേഷും പ്രതികളും അടുത്തടുത്ത വീടുകളിലാണ് താമസം. സ്ഥിരമായി മദ്യപിച്ചെത്തുന്ന ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച്‌ ദിനകരൻ പോലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ എട്ടിന് ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ദിനകരനും മക്കളും ചേർന്ന് ഉമേഷിനെ മർദിച്ചു. പരിക്കേറ്റ ഉമേഷ് ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ കഴിഞ്ഞു. മർദനമേറ്റ വിവരമറിഞ്ഞ് ഉമേഷിന്റെ അമ്മ സാവിത്രി എത്തി പുനലൂർ താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹിതനെങ്കിലും ഉമേഷ് ഒറ്റയ്ക്കായിരുന്നു താമസം.

അഞ്ചല്‍ എസ്.എച്ച്‌.ഒ. ഹരീഷ്, എസ്.ഐ. പ്രജീഷ്കുമാർ, ഗ്രേഡ് എസ്.ഐ. ഉദയൻ, എസ്.സി.പി.ഒ. വിനോദ്കുമാർ, സി.പി.ഒ. സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *