യുവാക്കള്‍ ദ്രാവകം മണപ്പിച്ചു; ആറാം ക്ലാസ് വിദ്യാര്‍ഥി അവശനിലയില്‍ ആശുപത്രിയില്‍

ഒരുകൂട്ടം യുവാക്കള്‍ ബലംപ്രയോഗിച്ച്‌ കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുടർന്ന് അവശനിലയിലായ ആറാംക്ലാസ് വിദ്യാർഥി ചികിത്സയില്‍.

ആലപ്പുഴ സ്റ്റേഡിയം വാർഡില്‍ സുല്‍ഫിക്കറിന്റെ മകൻ മുഹമ്മദ് മിസ്ബിനെ(12)യാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഇതേപ്പറ്റി കുട്ടിയുടെ പിതാവും പോലീസും പറയുന്നത്: തിങ്കളാഴ്ച വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. ബീച്ചിനടുത്തുള്ള കളിസ്ഥലത്തുനിന്ന് ഫുട്ബോള്‍കളി കഴിഞ്ഞ് ആറു കൂട്ടുകാർക്കൊപ്പം സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്ബ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച്‌ അഞ്ചു യുവാക്കള്‍ കുട്ടികളെ പിന്തുടർന്നു. മറ്റു കുട്ടികള്‍ ഓടിരക്ഷപ്പെട്ടെങ്കിലും മിസ്ബിനെ കടന്നുപിടിച്ച യുവാക്കള്‍ കൈയിലുണ്ടായിരുന്ന കുപ്പി ബലംപ്രയോഗിച്ചു മണപ്പിച്ചു. ഭയന്നുവിറച്ച്‌ വീട്ടിലെത്തിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. ഉടനേ കടപ്പുറം വനിത-ശിശു ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമികശുശ്രൂഷകള്‍ നല്‍കി. അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ആശുപത്രി അധികൃതർ ആലപ്പുഴ സൗത്ത് പോലീസിനെ വിവരമറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ചിലർ ഓടിരക്ഷപ്പെട്ടു. സംഭവത്തിനു പിന്നില്‍ ലഹരിസംഘമാണെന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *