‘യുവതി മരിച്ചത് അറിഞ്ഞിട്ടും തിയേറ്റര്‍ വിട്ടില്ല, മടങ്ങിപ്പോകണമെന്ന നിര്‍ദേശം അവഗണിച്ചു’; അല്ലു അര്‍ജുനെതിരെ പൊലീസ്

പുഷ്പ 2 പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുങ്ക് നടൻ അല്ലു അർജുനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തി ഹൈദരാബാദ് പൊലീസ്.

തിരക്ക് നിയന്ത്രണാതീതമാണെന്നും ഒരാള്‍ മരിച്ചെന്നും അറിയിച്ചിട്ടും തിയേറ്റർ വിടാൻ അല്ലു അർജുൻ തയ്യാറായില്ലെന്നാണ് ആരോപണം. അർധരാത്രി വരെ അല്ലു അർജുൻ തിയേറ്ററില്‍ തന്നെ തുടർന്നു. വീഡിയോ തെളിവുകള്‍ ഉള്‍പ്പടെ പുറത്തുവിട്ടുകൊണ്ടാണ് പൊലീസിന്റെ ആരോപണം.

ഈ മാസം നാലാം തിയ്യതിയാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ചത്. പിന്നാലെ തന്നെ പൊലീസ് അല്ലു അർജുനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണർ സിവി ആനന്ദ് വ്യക്തമാക്കി. എന്നാല്‍ നടനെ നേരിട്ട് ബന്ധപ്പെടാൻ പൊലീസിനെ അനുവദിച്ചില്ല. യുവതി മരിച്ചുവെന്നും, കൂടുതല്‍ തിരക്ക് ഇല്ലാതിരിക്കാൻ ഉടൻ തിയേറ്റർ വിടണമെന്നും നടന്റെ മാനേജരെ അറിയിച്ചിരുന്നു. എന്നാല്‍ നിർദേശം അവഗണിച്ചുകൊണ്ട് അർധരാത്രി വരെ അല്ലു തിയേറ്ററില്‍ സിനിമ കാണുന്നത് തുടർന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“സാഹചര്യത്തിന്റെ തീവ്രത അദ്ദേഹത്തെ അറിയിക്കാൻ ഞങ്ങള്‍ അവരോട് പറഞ്ഞു. പക്ഷെ പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല,” കമ്മീഷണർ വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളുമാണ് ഇതിന് തെളിവായി പൊലീസ് പുറത്ത് വിട്ടത്. അപകടത്തിന്റെ കാര്യം പോലീസ് തന്നെ അറിയിച്ചിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം അല്ലു അർജുൻ ആരോപിച്ചിരുന്നു. തിയേറ്റർ വിടണമെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലെന്നും അല്ലു മാധ്യമങ്ങളോട് പറഞ്ഞു.

രേവതിയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയറ്റർ ഉടമകള്‍ക്കുമെതിരെ കേസെടുത്തിരുന്നു. കേസില്‍ അല്ലു അർജുനെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നേടിയ അല്ലു അടുത്ത ദിവസം രാവിലെ ജയില്‍ മോചിതനായി.

Leave a Reply

Your email address will not be published. Required fields are marked *