പാർസല്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി യുവതിക്ക് നേരെ വെടിയുതിർത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ തെളിവെടുപ്പിനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
നിലവില്‍ പൂജപ്പുര വനിതാ ജയിലില്‍ കഴിയുന്ന പ്രതിയെ, കസ്റ്റഡിയില്‍ കിട്ടുന്നതിനായി പോലീസ് വെള്ളിയാഴ്ച കോടതിയെ സമീപിക്കും. അതേസമയം, ഡോക്ടർ താമസിക്കുന്ന കൊല്ലത്തെ ക്വാർട്ടേഴ്‌സില്‍ വ്യാഴാഴ്ച പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗണ്‍ കണ്ടെടുക്കാനായില്ല. കോട്ടയം സ്വദേശിയായ വനിതാ ഡോക്ടർ ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ജോലിനോക്കുന്നത്. ഭർത്താവിനൊപ്പം ഇവർ ക്വാർട്ടേഴ്‌സിലാണ് താമസം. വെടിവയ്ക്കാൻ ഉപയോഗിച്ച എയർഗണ്‍ ഹാൻഡ്ബാഗില്‍ ഉണ്ടെന്നായിരുന്നു ഇവർ പൊലീസിന് നല്‍കിയ മൊഴി. അതേസമയം, പ്രതി ഷിനിയുടെ ഭർത്താവായ സുജീത്തുമായുള്ള സൗഹൃദം ഇല്ലാതായതിനെത്തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് നിഗമനം.