യുപിയില്‍ ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത ഡോക്ടറടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ബലാത്സംഗത്തിനിരയായതായി പരാതി. മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലായിരുന്ന 20 കാരിയായ നഴ്‌സിനെ സ്ഥാപനം നടത്തുന്ന ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി.

ദലിത് പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടറടക്കം മൂന്ന് പേർ അറസ്റ്റില്‍. വാർഡ് ബോയിയുടെയും മറ്റൊരു നഴ്‌സിന്റെയും സഹായത്തോടെയായിരുന്നു ക്രൂരകൃത്യം.

ആശുപത്രി ഉടമയും ഡോക്ടറുമായ മുഹമ്മദ് ഷാനവാസാണ് അറസ്റ്റിലായതെന്ന് മൊറാദാബാദ് അഡീഷണല്‍ എസ്പി സന്ദീപ് കുമാർ മീണ പറഞ്ഞു. മൂന്ന് പേർക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നിവ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കുന്നതിനായി ആശുപത്രി സീല്‍ ചെയ്തു. അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും ഉടൻ മജിസ്‌ട്രേറ്റിന് മുമ്ബാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

ഷാനവാസിൻ്റെ ക്യാബിനിലേക്ക് പോകാൻ വാർഡ് ബോയ് ആയ ജുനൈദ് ആവശ്യപ്പെട്ടപ്പോള്‍ നഴ്സ് സമ്മതിച്ചില്ല. പിന്നീട് മറ്റൊരു നഴ്സ് അവളെ ബലമായി ക്യാബിനിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു. ക്യാബിനിലെ ആക്രമണത്തിന് ശേഷം ആരോടും ഒന്ന് പറയാതിരിക്കാൻ ഡോക്ടർ പണം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് നഴ്സ് പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വരെ പുറത്തിറാങ്ങാനായില്ല. വീട്ടിലെത്തിയ ഉടൻ പിതാവിനെയും കൂട്ടി പൊലീസില്‍ പരാതി നല്‍കാനെത്തിയെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *