യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും വിട്ടുവീഴ്ചകള്‍ക്ക് ഒരുക്കമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.
ഇന്നലെ വാർഷിക പത്രസമ്മേളനത്തിനിടെയാണ് പുട്ടിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ മറുപക്ഷവും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. നിലവില്‍ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് പദ്ധതിയില്ല. ട്രംപ് ആഗ്രഹിക്കുന്നെങ്കില്‍ അതിന് തയ്യാറാണ്.
യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുക്രെയിൻ അധികാരികളുമായി ചർച്ചകള്‍ തുടങ്ങുന്നതിന് തങ്ങള്‍ക്ക് മുന്നില്‍ വ്യവസ്ഥകളില്ലെന്നും പുട്ടിൻ കൂട്ടിച്ചേർത്തു. യുക്രെയിൻ അധിനിവേശം റഷ്യയെ ദുർബലപ്പെടുത്തിയിട്ടില്ല. സൈന്യം കൂടുതല്‍ ശക്തമായി. യുക്രെയിനിലെ പ്രാഥമിക ലക്ഷ്യങ്ങള്‍ സൈന്യം വൈകാതെ കൈവരിക്കും.
ചർച്ചകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും റഷ്യ എപ്പോഴും തയ്യാറാണെന്നും പുട്ടിൻ പറഞ്ഞു. യുക്രെയിനില്‍ താത്കാലിക വെടിനിറുത്തല്‍ എന്ന ആശയം പുട്ടിൻ തള്ളി. ദീർഘകാല സമാധാന ഉടമ്ബടി അംഗീകരിക്കാനാണ് താത്പര്യമെന്നും പറഞ്ഞു. യുക്രെയിൻ-റഷ്യ സംഘർഷം 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ട്രംപ് ചർച്ചയ്ക്കെത്തിയാല്‍ മുഖംതിരിക്കില്ലെന്ന് പുട്ടിൻ കഴിഞ്ഞ മാസവും വ്യക്തമാക്കിയിരുന്നു. അതേ സമയം, യുക്രെയിനില്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടുകൊടുക്കാൻ തയ്യാറാകില്ലെന്നും യുക്രെയിൻ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.