നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി യുക്രെയിൻ വിഷയത്തില്‍ ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ.
പ്രചാരണത്തിനിടെ യുക്രെയിൻ-റഷ്യ സംഘർഷം 24 മണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുക്രെയിന് യു.എസ് സൈനിക, സാമ്ബത്തിക സഹായം നല്‍കുന്നതിനും ട്രംപ് എതിരാണ്. ജനുവരി 20ന് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് മുമ്ബേ പുട്ടിൻ ഫോണിലൂടെ ബന്ധപ്പെട്ടേക്കും. പുട്ടിൻ ഒഴികെ 70ഓളം ലോകനേതാക്കള്‍ ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തി. തെക്കൻ റഷ്യയിലെ സോചിയില്‍ നടന്ന വാല്‍ഡായി ഫോറത്തിനിടെ ട്രംപിന്റെ തിരഞ്ഞെടുപ്പ് ജയത്തെ അഭിനന്ദിക്കവെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് പുട്ടിൻ വ്യക്തമാക്കിയത്. ജൂലായില്‍ ട്രംപിനു നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ ‘ധൈര്യശാലി” എന്ന് വിളിച്ചു. അതേസമയം, റഷ്യയുമായി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ട്രംപിനെ അഭിനന്ദിക്കവേ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പറഞ്ഞിരുന്നു. യുക്രെയിൻ സംഘർഷം ഞൊടിയിടയില്‍ അവസാനിപ്പിക്കുമെന്ന ട്രംപിന്റെ വാദത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യ സൂപ്പർ പവർ: പുട്ടിൻ
ആഗോള സൂപ്പർ പവറുകളുടെ പട്ടികയില്‍ ഉള്‍പ്പെടാൻ അർഹതയുള്ള രാജ്യമാണ് ഇന്ത്യയെന്ന് പുട്ടിൻ. അതിവേഗം വളരുന്ന സമ്ബദ്വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നും വ്യക്തമാക്കി. ‘ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധത്തില്‍ വലിയ വിശ്വാസമുണ്ട്. ഇന്ത്യ മഹത്തായ രാജ്യമാണ്. സാമ്ബത്തിക വളർച്ചയില്‍ ഇന്ത്യ ലോകത്ത് മുന്നിട്ടു നില്ക്കുന്നു ” പുട്ടിൻ പറഞ്ഞു. ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം വിശദീകരിച്ച പുട്ടിൻ ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പദ്ധതിയെ പ്രകീർത്തിച്ചു.
വിട്ടുവീഴ്ചയില്ലാതെ
1. യുക്രെയിനില്‍ 2022 ഫെബ്രുവരി മുതല്‍ സംഘർഷം തുടരുന്നു
2. യുക്രെയിന്റെ 20 ശതമാനം റഷ്യൻ നിയന്ത്രണത്തില്‍ (ഡൊണെസ്ക്, ലുഹാൻസ്ക്, സെപൊറീഷ്യ, ഖേഴ്സണ്‍)
3. റഷ്യ പിന്മാറാതെ ചർച്ചയ്ക്കില്ലെന്ന് സെലെൻസ്കി
4. യുദ്ധം നിറുത്തണമെങ്കില്‍ യുക്രെയിൻ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണമെന്ന് റഷ്യ. റഷ്യ പിടിച്ചെടുത്ത പ്രവിശ്യകളില്‍ നിന്ന് സൈന്യത്തെ പിൻവലിക്കുകയും വേണം
5. റഷ്യ-യു.എസ് ബന്ധം ചരിത്രത്തിലെ താഴ്ന്ന നിലയില്‍. റഷ്യക്ക് മേല്‍ യു.എസിന്റെ കടുത്ത ഉപരോധങ്ങള്‍
യുക്രെയിൻ വിഷയത്തില്‍ പുട്ടിൻ ട്രംപുമായി ചർച്ചയ്ക്ക് തയ്യാറാണ്. എന്നാല്‍ റഷ്യയുടെ ആവശ്യങ്ങളില്‍ മാറ്റമില്ല.
– ഡിമിട്രി പെസ്കൊവ്, പുട്ടിന്റെ വക്താവ്