യുക്രെയിന്റെ തലസ്ഥാനമായ കീവിന് നേരെ റഷ്യ ഇന്നലെ രാവിലെ നടത്തിയ മിസൈലാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
12 പേർക്ക് പരിക്കേറ്റു. ആറ് വിദേശ എംബസികള്‍ക്കും ഒരു പുരാതന കത്തീഡ്രലിനും നാശനഷ്ടമുണ്ട്.റഷ്യ അഞ്ച് ഇസ്‌കന്ദർ-എം ബാലിസ്റ്റിക് മിസൈലുകള്‍ കീവിന് നേരെ പ്രയോഗിച്ചെന്നും എല്ലാം വെടിവച്ചിട്ടെന്നും യുക്രെയിൻ പ്രതികരിച്ചു. അല്‍ബേനിയ, അർജന്റീന, പാലസ്തീൻ, നോർത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ, പോർച്ചുഗല്‍ എംബസികള്‍ക്കാണ് കേടുപാട് സംഭവിച്ചത്.
ഈ എംബസികളെല്ലാം ഒറ്റ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. നയതന്ത്ര ഉദ്യോഗസ്ഥർ സുരക്ഷിതരാണ്. അതേ സമയം, യുക്രെയിൻ സെക്യൂരിറ്റി സർവീസ് (എസ്.ബി.യു) കമാൻഡ് സെന്ററാണ് ലക്ഷ്യമിട്ടതെന്ന് റഷ്യ പ്രതികരിച്ചു. യുക്രെയിൻ മിസൈലുകളുടെ രൂപകല്പനയിലും നിർമ്മാണത്തിലും ഇവിടം ഉള്‍പ്പെട്ടിട്ടുണ്ടെന്നും യു.എസ് നിർമ്മിത പേട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനം ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്നും റഷ്യ ആരോപിച്ചു.
പാശ്ചാത്യ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലെ റോസ്‌തോവ് മേഖലയെ ആക്രമിച്ചതിനുള്ള മറുപടിയാണിതെന്നും റഷ്യ വ്യക്തമാക്കി. തെക്കൻ യുക്രെയിനിലെ ഖേഴ്സണിലും ഇന്നലെ പുലർച്ചെ റഷ്യ വ്യോമാക്രമണം നടത്തിയിരുന്നു.