യുഎസ് ആരോഗ്യ സെക്രട്ടറിയാകാനൊരുങ്ങി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍; സന്തോഷം നല്‍കുന്ന പ്രഖ്യാപനമെന്ന് ഡോണള്‍ഡ് ട്രംപ്

റോബർട്ട് എഫ് കെന്നഡി ജൂനിയറിന് ആരോഗ്യ മനുഷ്യസേവന വകുപ്പിന്റെ ചുമതല നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

റോബർട്ടിന് സുപ്രധാന പദവി നല്‍കുന്നതില്‍ താൻ വളരെ അധികം സന്തുഷ്ടനാണെന്നാണ് പ്രഖ്യാപനത്തിന് പിന്നാലെ ട്രംപ് പറഞ്ഞത്. ട്രംപിന്റെ രണ്ടാം ഊഴത്തില്‍ കെന്നഡി ജൂനിയറിന് സുപ്രധാന സ്ഥാനം ലഭിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ആർഎഫ്‌കെ ജൂനിയർ എന്ന് അറിയപ്പെടുന്ന റോബർട്ട് എഫ് കെന്നഡി പ്രശസ്തമായ രാഷ്‌ട്രീയ കുടുംബ പശ്ചാത്തലമുള്ളയാളാണ്. യുഎസ് മുൻ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ അനന്തരവനും മുൻ സെനറ്റർ റോബർട്ട് എഫ് കെന്നഡിയുടെ മകനുമായ ഇദ്ദേഹം വർഷങ്ങളായി പരിസ്ഥിതി സംരക്ഷണ മേഖലയില്‍ സജീവമായ വ്യക്തി കൂടിയാണ്.

കടുത്ത വാക്‌സിൻ വിരുദ്ധ പ്രചാരകനായ ഇദ്ദേഹം, അമേരിക്കക്കാർ കഴിക്കുന്ന ഭക്ഷണത്തിലും വ്യായാമത്തിലും മരുന്നുകള്‍ ഉപയോഗിക്കുന്ന രീതിയിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിത്വത്തിനായി ശ്രമം നടത്തിയെങ്കിലും, പിന്നീട് ഇത് ഉപേക്ഷിച്ച്‌ ട്രംപിനെ പിന്തുണയ്‌ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *