യുഎഇ പ്രസിഡൻ്റ് ഔദ്യോഗിക സന്ദര്‍ശനത്തിനായി കുവൈത്തില്‍


ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാൻ കുവൈത്തിലെത്തി. അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹ്മദ് അല്‍ ജാബിർ അസ്സബാഹ് യു.എ.ഇ പ്രസിഡന്‍റിനെ അമീരി ടെർമിനലില്‍ നേരിട്ടെത്തി സ്വീകരിച്ചു.

കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ മുബാറക് അസ്സബാഹ്, ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സുഊദ് അസ്സബാഹ്, വിദേശകാര്യമന്ത്രി അബ്ദുല്ല അല്‍ നഹ്‍യ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും വിമാനത്താവളത്തിലെത്തി.

ബയാൻ പാലസിലേക്ക് പരമ്ബരാഗത കലാപരിപാടികള്‍, കുതിരപ്പടയാളികള്‍ എന്നിവയോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ് യാനെ ആനയിച്ചത്. സൈനിക ഹെലികോപ്ടറുകളും അനുഗമിച്ചു. ഇരു രാജ്യങ്ങളുടെയും പതാകകള്‍ ഉയർത്തി കുട്ടികളും കലാ സംഘങ്ങളും റോഡിന് ഇരുവശവും അണിനിരന്നു.

പാലസില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ പീരങ്കികള്‍ 21 റൗണ്ട് വെടിയുതിർത്തു. ബയാൻ പാലസില്‍ യു.എ.ഇ പ്രസിഡന്‍റിനും പ്രതിനിധി സംഘത്തിനും വിരുന്നൊരുക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍, സമ്ബദ്‌വ്യവസ്ഥ, നിക്ഷേപം, വ്യാപാര വിനിമയം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നാഴികക്കല്ലാണ് സന്ദർശനമെന്ന് യു.എ.ഇ പ്രസിഡന്‍റുമായുള്ള ചർച്ചയില്‍ അമീർ പറഞ്ഞു.

കുവൈത്തും യു.എ.ഇയും തമ്മിലുള്ള പ്രാദേശികമായും ആഗോളതലത്തിലുമുള്ള ഐക്യത്തില്‍ അഭിമാനിക്കുന്നതായും അമീർ വ്യക്തമാക്കി. പുരോഗതിക്കും സമൃദ്ധിക്കും സാമ്ബത്തിക സഹകരണം ഉറച്ച അടിത്തറയാണെന്ന് വിശ്വസിക്കുന്നതായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ് യാൻ പറഞ്ഞു. ജി.സി.സി തങ്ങളുടെ പൊതു താല്‍പര്യമായ പ്രാദേശിക സുരക്ഷ, സ്ഥിരത എന്നിവ ഉറപ്പുനല്‍കുന്നതായും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *