പണ്ട് കാലങ്ങളില്‍ ലോട്ടറി ടിക്കറ്റ് എടുത്താല്‍ ഫലം അറിയാന്‍ പിറ്റേ ദിവസം പത്രം വരുന്നത് വരെ കാത്തിരിക്കണമായിരുന്നു. എന്നാല്‍ കാലം മാറിയതോടെ നറുക്കെടുപ്പ് ഫലം അതിവേഗം ഓണ്‍ലൈനിലൂടെ അറിയാനുള്ള സംവിധാനങ്ങളുണ്ടായി. ഇതോടെ നറുക്കെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റില്‍ കയറി ഫലം പരിശോധിക്കുന്നവരാണ് ഇന്നത്തെ പല ഭാഗ്യാന്വേഷികളും. എന്നാല്‍ ചിലരാകട്ടെ ലോട്ടറി എടുത്ത കാര്യം പോലും മറന്നിട്ടുണ്ടാകും. അത്തരത്തില്‍ ഒരാളെയാണ് യുഎഇ ഇപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അതും വമ്പന്‍ സമ്മാനം നേടിയ ഒരു ഭാഗ്യവതിയെ.
ബിഗ് ടിക്കറ്റ് ഡെയ്‌ലി ഇ-ഡ്രോയിൽ ജേതാവായ എമിറാത്തി വനിതയെയാണ് ഇതുവരേയായും ബിഗ് ടിക്കറ്റ് നടത്തിപ്പുകാർക്ക് ബന്ധപ്പെടാന്‍ സാധിക്കാത്തതെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നവംബർ 22 ലെ നറുക്കെടുപ്പിലാണ് ബുദൂർ അൽ കാൽദിയെന്ന വനിത സമ്മാനത്തിന് അർഹത നേടിയത്. ഓൺലൈനായി വാങ്ങിയ ടിക്കറ്റ് നമ്പർ 269-396502 എന്ന നമ്പറിലൂടെ 79000 യു എ ദിർഹം വില വരുന്ന സ്വർണ്ണ കട്ടിയാണ് ബുദൂർ അൽ കാൽദിയ സ്വന്തമാക്കിയത്
ഇന്ത്യന്‍ രൂപയില്‍ ഏകദേശം 18 ലക്ഷത്തോളം രൂപ മൂല്യം വരും സ്വർണ കട്ടിക്ക്. അതേസമയം 250 ഗ്രാം 24 കാരറ്റ് സ്വർണ്ണ കട്ടി സ്വന്തമാക്കിയ ഈ ആഴ്ചയിലെ മറ്റ് വിജയികളില്‍ അധികവും മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രവാസികളാണ്. നംവബർ 23 ന് നടന്ന നറുക്കെടുപ്പിലെ വിജയി മലയാളിയായ അജു മാമന്‍ മാത്യുവാണ്. കുടുംബത്തോടൊപ്പം റാസൽഖൈമയിൽ താമസിക്കുന്ന അജു എഞ്ചീനയറാണ്
കഴിഞ്ഞ ഏഴ് വർഷത്തോളമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ഭാഗമാകുന്ന വ്യക്തിയുമാണ് അജു. സ്വർണ ബാർ വില്‍ക്കാന്‍ തീരുമാനിച്ചതായും അതിലൂടെ ലഭിക്കുന്ന പണം മികച്ച രീതിയില്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നത് തുടരുമോ എന്ന് ചോദിച്ചപ്പോൾ ഭാഗ്യ പരീക്ഷണം തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നവംബർ 24 ലെ നറുക്കെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്നുമുള്ള മുത്ത കണ്ണന്‍ സെല്‍വവും വിജയിയായി. 269-435786 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. നവംബർ 25 ന് സന്ദീപ് പട്ടീല്‍, 26 ന് രാജേഷ് കെവി വാസു, 27 ന് ലോറലന്‍ ചക്കപ്പന്‍, 28 ന് വിഷ്ണു എം എന്നിവരും വിജയികളായി.
ദുബായിലെ മീഡിയ സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി പ്രൊഫഷണലായ സന്ദീപ് തൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി ചേർന്ന് നാല് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള കർഷകനായ രാജേഷ് കഴിഞ്ഞ രണ്ട് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കുന്നു.
മലയാളിയും അക്കൗണ്ടൻ്റുമായ ലോറൻസ് കഴിഞ്ഞ 15 വർഷമായി കുടുംബത്തോടൊപ്പം കുവൈറ്റിലാണ് താമസം. നാല് വർഷത്തെ ഭാഗ്യ പരീക്ഷണത്തിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തെ തേടി സമ്മാനമെത്തുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറായ വിഷ്ണു ആറ് വർഷമായി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ആദ്യം ഇടയ്ക്കിടെ മാത്രമായിരുന്നു നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്നതെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി നിരന്തരം ടിക്കറ്റ് വാങ്ങുമായിരുന്നു.