യമനിലെ ഏദനില്‍ കായിക പദ്ധതികള്‍ നടപ്പാക്കാൻ സൗദി ധനസഹായം. ഏദനിലെ അല്‍ ജസീറ, അല്‍ റൗദ, അല്‍ മിന സ്റ്റേഡിയങ്ങളുടെ വികസനത്തിനാണ് ധനസഹായം.
യമനിനായുള്ള സൗദി വികസന, പുനർനിർമാണ പരിപാടിയുടെ ഭാഗമായാണിത്. പദ്ധതിക്ക് കീഴില്‍ യമനിലെ നിർമാണ പ്രവർത്തനങ്ങള്‍ തുടരുകയാണ്.
യമനിലെ യുവാക്കളെയും കായിക വിനോദങ്ങളെയും പിന്തുണക്കുന്നതാണ് ഈ പദ്ധതികള്‍. യമനിലെ യുവാക്കളുടെ കഴിവുകളും ഊർജവും വികസിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിന് പ്രാപ്തമാക്കുന്നതിനുമുള്ള പ്രധാന ഘടകങ്ങളാണ്.
യമനിലെ വിവിധ കായിക പ്രവർത്തനങ്ങള്‍ വികസിപ്പിക്കുക, കായിക സൗകര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുക, കായിക പരിശീലകരുടെ കഴിവുകള്‍ വികസിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യമനിനായുള്ള സൗദി വികസന പുനർനിർമാണ പരിപാടി വളരെ ശ്രദ്ധേയമാണ്. യമൻ സഹോദരങ്ങളെ അടിസ്ഥാനപരവും സുപ്രധാനവുമായ എട്ട് മേഖലകളില്‍ സേവിക്കുന്നതിനായുള്ള വികസന പദ്ധതികളും സംരംഭങ്ങളും ഇതിനകം 263ല്‍ എത്തി.
വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഊർജം, ഗതാഗതം, കൃഷി, മത്സ്യബന്ധനം, യമൻ സർക്കാരിന്റെ കഴിവുകള്‍ വികസിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക, മറ്റ് വികസന പരിപാടികള്‍ എന്നിവ സൗദി ധനസഹായത്താല്‍ നടപ്പാക്കുന്നതിലുള്‍പ്പെടും.