‘മോഹൻഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ല’; ക്ഷേത്ര-പള്ളി തര്‍ക്കത്തിലെ പ്രസ്താവന തള്ളി ശങ്കരാചാര്യര്‍

ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിനെ വിമർശിച്ച്‌ ആത്മീയ നേതാവ് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി.

ക്ഷേത്ര-പള്ളിതർക്കത്തിലെ ഭാഗവതിന്റെ പ്രസ്താവനയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹൻ ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ലെന്ന് ശങ്കരാചാര്യർ പറഞ്ഞു.

നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകർക്കപ്പെട്ടുവെന്നത് സത്യമാണ്. മോഹൻഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ല. അത് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാണ്. ഹിന്ദുക്കളുടെ ദുഃഖം ഭാഗവത് മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം യാഥാർഥ്യമായതോടെ, സമാനമായ തർക്കങ്ങള്‍ ഉയർത്തികൊണ്ടുവരേണ്ടതില്ലെന്നായിരുന്നു മോഹൻ ഭാഗവതിന്‍റെ പ്രസംഗം. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉയർത്തേണ്ടതില്ല. ഇത്തരമൊരു ട്രെൻഡ് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് പറഞ്ഞു. യു.പി സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.

‘മുൻകാലങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ നിന്ന് ഭാരതീയർ പാഠം പഠിക്കുകയും ലോകത്തിന് മുന്നില്‍ രാജ്യത്തെ മാതൃകയാക്കാൻ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമായിരുന്നു. എന്നാല്‍ മറ്റ് പലയിടങ്ങളിലും പുതിയ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല’- വിശ്വ ഗുരു ഭാരത് എന്ന പ്രഭാഷണ പരമ്ബരയുടെ ഭാഗമായി പൂനയില്‍ സംസാരിക്കുന്നതിനിടെ മോഹൻ ഭാഗവത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *