ഇന്ത്യയ്ക്കെതിരായ നിലപാട് കൂടുതല്‍ കടുപ്പിച്ച് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അമേരിക്കൻ ഉല്പന്നങ്ങള്ക്ക് ഉയർന്ന നികുതി ഈടാക്കുന്നത് തുടർന്നാല്‍ ഇന്ത്യയ്ക്കെതിരെ കൂടുതല്‍ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനം. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അമേരിക്കൻ ഉല്പങ്ങള്ക്ക് നികുതി ചുമത്തുന്ന ഇന്ത്യയുടെ രീതിയെ ട്രംപ് നിശിതമായി വിമർശിച്ചത്. അധികാരമേറ്റാലുടൻ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ പുറത്താക്കുമെന്നും ജന്മാവകാശ പൗരത്വം നിറുത്തലാക്കുമെന്നും അടുത്തിടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. പതിനായിരക്കണക്കിന് വരുന്ന ഇന്ത്യക്കാരെ ബാധിക്കുന്നതായിരുന്നു ഈ തീരുമാനങ്ങള്‍. അതിനുപിന്നാലെയാണ് ഇന്ത്യയ്ക്കെതിരെ വീണ്ടും കടുത്തനടപടികള്‍ ഉണ്ടാവുമെന്ന് സൂചന നല്‍കുന്നത്. ആദ്യതവണ പ്രസിഡന്റായപ്പോള്‍ ഇന്ത്യയും പ്രധാനമന്ത്രി മോദിയുമായും നല്ല അടുപ്പത്തിലായിരുന്നു ട്രംപ്.
‘അവർ ( ഇന്ത്യ) ഞങ്ങള്‍ക്ക് നികുതി ചുമത്തുകയാണെങ്കില്‍ ഞങ്ങള്‍ അവർക്കും അതേരീതിയില്‍ നികുതി ചുമത്തും. ഇന്ത്യ നൂറുശതമാനം നികുതി ചുമത്തുകയാണെങ്കില്‍ നമ്മള് അവർക്ക് അതേ നികുതിതന്നെ ചുമത്തും.ഇന്ത്യയ്ക്കൊപ്പം ബ്രസീല്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളും കൂടുതല്‍ നികുതി ചുമത്തുന്നുണ്ട്. അവരോടും വിട്ടുവീഴ്ചയില്ല’ -ട്രംപ് വ്യക്തമാക്കി. പരസ്പരമുള്ള താരിഫുകള്‍ തന്റെ ഭരണകൂടത്തിന്റെ സാമ്ബത്തിക നയങ്ങളുടെ ആണിക്കല്ലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായുളള വ്യാപാര തർക്കങ്ങളെക്കുറിച്ചും ട്രംപ് വ്യക്തമായ സൂചനകള്‍ നല്കി. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്പന്നങ്ങള്ക്കും 25 ശതമാനം നികുതി ചുമത്തിയേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തും കുടിയേറ്റവും ഇല്ലാതാക്കാനുള്ള ശക്തമായ നടപടികള്‍ ഇരുരാജ്യങ്ങളും സ്വീകരിക്കണമെന്നത് ട്രംപിന്റെ നേരത്തേയുള്ള ആവശ്യമാണ്. ഇല്ലെങ്കില്‍ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നും സൂചന നല്‍കിയിരുന്നു.
ട്രംപ് ഭീഷണി ആവർത്തിച്ചതോടെ അതിർത്തിസുരക്ഷ വർദ്ധിപ്പിക്കാനുളള നീക്കങ്ങള്‍ കാനഡ തുടങ്ങിയിട്ടുണ്ട്. ഇതിനായി 1.3 ബില്യണ്‍ കനേഡിയൻ ഡോളർ നിക്ഷേപിച്ചു എന്നാണ് റിപ്പോർട്ടുകള്‍. മയക്കുമരുന്ന് കടത്ത് തടയാനായി അമേരിക്കയിലേക്ക് കയറ്റുമതിചെയ്യുന്ന ഉല്പന്നങ്ങള് കർശന പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ ട്രംപിന്റെ മനസ്മാറുമോ എന്ന് കാത്തിരുന്ന് കാണാം. ട്രംപിന്റെ അടുപ്പക്കാരനായ ഇലോണ്‍ മസ്കിന്റെ കൊടിയ ശത്രുവാണ് കാനഡയിലെ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായി പ്രതിഫലിക്കും എന്നാണ് കരുതുന്നത്.